Wednesday, 30 November 2011

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് കേരളം കത്തയച്ചു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് ഉള്‍ക്കൊണ്ടു തുടങ്ങിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈകാരികമായ സമീപനങ്ങളില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. പുതിയ ഡാം വേണമെന്ന ആവശ്യം ധാര്‍മ്മികമാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ജലനിരപ്പ് 120 അടിയിലേക്ക് കുറക്കുന്ന കാര്യത്തില്‍ തമിഴ്‌നാട് കേരളത്തിനൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനിടെ വൃഷ്ടിപ്രദേശത്തെ മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.5 അടിയായി. സുരക്ഷാ ഭീഷണിയൊഴിവാക്കാനും ജലനിരപ്പ് കുറയ്ക്കാനുമായി ഇടുക്കി അണക്കെട്ടിലെ വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


ഇന്നലെ പകല്‍ ഇടവിട്ട് മഴപെയ്തിരുന്നെങ്കിലും ജലനിരപ്പ് 136.4 ആയിരുന്നു. വൈകീട്ട് വൃഷ്ടിപ്രദേശത്തും സംഭരണിയിലും കനത്ത മഴപെയ്തതാണ് ജലനിരപ്പ് ഉയര്‍ത്തിയത്.


ഇവിടെനിന്നുള്ള നീരൊഴുക്ക് കൂടിയതിനെതുടര്‍ന്ന് ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇടുക്കിയിലെ വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

No comments:

Post a Comment