Tuesday, 29 November 2011

കാത്തലിക് ബിഷപ്പുമാര്‍ മുല്ലപ്പെരിയാറിലേയ്ക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടഭീഷണിയില്‍ കഴിയുന്ന ജനലക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള കാത്തിലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സഭാമേലധ്യക്ഷന്മാര്‍ മുല്ലപ്പെരിയാറിലെത്തുമെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. സന്ദര്‍ശനം ഏതു ദിവസമായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തൃശ്ശൂര്‍ അതിരൂപത ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമത്തില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിക്കണമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ എം.എല്‍.എ. മാരും എം.പി. മാരും മന്ത്രിമാരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.


ഡിസംബര്‍ 4ന് കത്തോലിക്കാസഭ മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കും. അന്ന് കേരളത്തിലെ എല്ലാ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ ദേവാലയങ്ങളിലും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ നടത്തും. കത്തോലിക്ക ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ തിരികള്‍ തെളിയിച്ച് പ്രദക്ഷിണം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.


മൂന്നുവര്‍ഷമായി മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യുകയാണ്. കെ.സി.വൈ.എം. ഒരു കൊല്ലമായി സമരത്തിലാണ്. പ്രധാനമന്ത്രി, സോണിയാഗാന്ധി എന്നിവര്‍ക്കൊക്കെ സംസ്ഥാനതലത്തില്‍ നിവേദനങ്ങള്‍ അയച്ചുകഴിഞ്ഞു. 30 ലക്ഷം പേരുടെ ജീവിതം സംബന്ധിച്ച് മുന്‍കരുതല്‍ ഉണ്ടാകും. ജലനിരപ്പ് 120 അടിയായി കുറയ്ക്കുക, പുതിയ സമാന്തര ഡാം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുക, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യത്തിന് കോട്ടം തട്ടാതെ പ്രശ്‌നപരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങളും കെ.സി.ബി.സി. ഉന്നയിച്ചു.


കെ.സി.ബി.സി വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

No comments:

Post a Comment