കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിലവിലുള്ള ഭരണഘടന പ്രകാരം കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.
ഇത് മനസ്സിലാക്കി കേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാന്‍ കേരളത്തിന്റെ മണ്ണില്‍ ഭൂമി പൂജ നടത്തും. കേരള കോണ്‍ഗ്രസ് ബത്തേരിയില്‍ പണിത ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി മാണി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ജില്ലകളില്‍ ഹര്‍ത്താലും പ്രക്ഷോഭവും നടക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ഒന്നായിക്കാണണമെന്നാണ് ഭരണഘടന പറയുന്നത്. അത് നിറവേറ്റാന്‍ പ്രധാനമന്ത്രിക്ക് കഴിയണം.
മുല്ലപ്പെരിയാറില്‍ അണക്കെട്ട് പണിയാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ട്. ഈ അവകാശത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. ഇത് പ്രധാനമന്ത്രി മനസ്സിലാക്കണം. കേന്ദ്രസര്‍ക്കാര്‍ ന്യായത്തിന്റെയും സത്യത്തിന്റെയും കൂടെ നില്‍ക്കണം. കേരളം എപ്പോഴും ന്യായത്തിന്റെ ഭാഗത്താണ് നിലകൊള്ളുന്നത്. എത്രവെള്ളം വേണമെങ്കിലും തമിഴ്‌നാടിന് നല്‍കാന്‍ തയ്യാറാണ്. പക്ഷേ, നമ്മുടെ മണ്ണില്‍ നമ്മുടെ ചെലവില്‍ ഡാം പണിയാന്‍ അനുവദിക്കണം. ഇതിനായി ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും നില്‍ക്കാന്‍ കഴിയില്ല. ഈ സാഹചര്യം എല്ലാവരും മനസ്സിലാക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവന് വേണ്ടി മറ്റൊരു സംസ്ഥാനത്തിന്റെ മുന്നില്‍ യാചിക്കാന്‍ ആരും പറയരുത് - മന്ത്രി പറഞ്ഞു. കെ.കെ.ദേവസ്യ അധ്യക്ഷത വഹിച്ചു. By Manaz Mathew Muttathettu
No comments:
Post a Comment