Tuesday, 29 November 2011

മുല്ലപ്പെരിയാര്‍ മുന്നൂറിലേറെ ജനപ്രതിനിധികള്‍ ഇന്ന് ഉപവസിക്കും

ജില്ലയിലെ മുന്നൂറിലേറെ ജനപ്രതിനിധികള്‍ മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച ഉപവസിക്കും.


വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതര മുതല്‍ നടക്കുന്ന ഉപവാസത്തില്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തംഗങ്ങളും ഭരണസാരഥികളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേരും. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല നേതൃത്വം നല്‍കും. ഉപവാസപ്പന്തലില്‍ ചേരുന്ന യോഗത്തില്‍ ഭാവിപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി.തോമസ് അറിയിച്ചു.


മ്ലാമല, ചിന്നാര്‍, ഉപ്പുതറ, മേരികുളം എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കുട്ടികള്‍ ബുധനാഴ്ച ചപ്പാത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തും.


പുതിയ അണക്കെട്ട് പണിയണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടര മുതല്‍ തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ കൂട്ട നിരാഹാരസമരം നടത്തുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. പി.സി. അച്ചന്‍കുഞ്ഞ്, ഡോ. ജോയി മാത്യു കണ്ടത്തിന്‍കര, അഡ്വ. എം.എസ്. വിനയരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയില്‍ പങ്കുചേര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. തീരുമാനിച്ചു. പള്ളികളിലും യൂണിറ്റുകളിലും പ്രാര്‍ത്ഥനാസംഗമം നടത്തും. ജസിര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.


കേരള ഗണകമഹാസഭാ പന്നിമറ്റം ശാഖാ പ്രവര്‍ത്തകര്‍ ചപ്പാത്തിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ഉപവസിക്കും.

No comments:

Post a Comment