ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ് നാടുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വഴിയൊരുക്കുന്നു. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ജല വിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടി ആയി കുറയ്ക്കണമെന്ന് കേരളം ഔദ്യോഗികമായി തമിഴ്‌നാടിനോട് ആവശ്യപ്പെടും. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കുന്നതടക്കമുള്ള മറ്റ് കാര്യങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് റൂര്‍ക്കി ഐ.ഐ.ടി.യുമായി ചേര്‍ന്ന് കേരളം പഠനം നടത്തും.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവരും സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ. ജോസഫും പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ. എം.പി.മാരും കേന്ദ്രമന്ത്രി അഴഗിരിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ചൊവ്വാഴ്ചയും മുല്ലപ്പെരിയാര്‍ വിഷയമുന്നയിച്ച് പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. പ്രതിഷേധവുമായി ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ.യിതര എം.പി.മാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി. ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി അടിയന്തര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെങ്കില്‍, നിയമസഭ വിളിച്ചു കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. പ്രമേയം പാസാക്കുന്നതിനൊപ്പം, ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാനും ആലോചനയുണ്ട്. എന്നാല്‍, പ്രശ്‌നം ഗുരുതരമാണെന്ന തരത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ, ഇത്തരമൊരു അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമുള്ളൂവെന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയില്‍ നിന്നു ലഭിച്ചത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഇതിലൂടെ കോടതിയെ ധരിപ്പിക്കാന്‍ കഴിയുമെന്നും സാല്‍വെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പുതിയ അണക്കെട്ടുമായി മുന്നോട്ടു പോകുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ശരീരഭാഷയും മറ്റും നല്‍കിയ സൂചന കേരളത്തിന്റെ നിലപാട് നൂറു ശതമാനം ശരിയാണെന്ന് സമ്മതിക്കുന്നതാണ്. മൂന്നു കാര്യങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്. ഒന്ന്-ജലനിരപ്പ് കുറയ്ക്കണം. രണ്ട്-ശാശ്വത പരിഹാരമെന്ന നിലയ്ക്ക് പുതിയ അണക്കെട്ട് പണിയണം. മൂന്ന്- പുതിയ അണക്കെട്ട് നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണം.
പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുഴിയെടുത്ത് പ്രതലത്തിന്റെ ബലപരിശോധനയ്ക്ക് (ബോറിങ്) നടത്താന്‍ നേരത്തേ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ട്. ഇത് അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള ഭാഗികാനുമതിയായി സംസ്ഥാനം കണക്കാക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂരും ജോസഫും വ്യക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട് കോടതിയോ പ്രധാനമന്ത്രിയോ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അണക്കെട്ട് നിര്‍മാണത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തന്നെയാണ് അനുമതി നല്‍കേണ്ടത്. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ആവശ്യകതയെ കുറിച്ച് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തും.
രണ്ടു സംസ്ഥാനങ്ങളുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. രാവിലെ പതിനൊന്നരയ്ക്കാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതിയുയര്‍ന്ന സാഹചര്യത്തില്‍ വിഷയം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് വിദേശസഹ മന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
രാവിലെ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.കരുണാകരന്‍, പി.ടി.തോമസ്, ജോസ്.കെ.മാണി, ആന്റോ ആന്റണി, എം.ബി.രാജേഷ് തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തില്‍ സഭ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് എം.പിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ധര്‍ണ തുടങ്ങി. By Manaz Mathew Muttathettu
No comments:
Post a Comment