Monday, 12 December 2011

വിദ്യയോ, അസിനോ, അനുഷ്‌കയോ? രജനിയുടെ നായികയാര്‌?

 രജനികാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനില്‍ നായികയാകാന്‍ മൂന്നു മുന്‍നിര നടിമാര്‍ തമ്മില്‍ പോര്‌. ചിത്രത്തില്‍ അസിനും വിദ്യബാലനും നായികയാകുമെന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കൊച്ചടിയാനില്‍ അഭിനയിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ക്ഷണിച്ചിരുന്നതായും, ഒഴിവാക്കിയതായി അറിയില്ലെന്നും പറഞ്ഞ്‌ തെന്നിന്ത്യന്‍ നടി അനുഷ്‌ക്ക രംഗത്തെത്തിയിരിക്കുന്നു.
ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക്‌ താല്‍പര്യമുണ്ടെന്നും അനുഷ്‌ക്ക പറയുന്നു.
രണ്ടു നായികമാരുള്ള ചിത്രത്തില്‍ അസിനെയും അനുഷക്കയെയും നായികമാരായി നിശ്‌ചയിച്ചിരുന്നതായാണ്‌ വിവരം. പിന്നീട്‌ അനുഷ്‌ക്കയെ ഒഴിവാക്കി വിദ്യാ ബാലനെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സൂചനയുണ്ട്‌. തെന്നിന്ത്യന്‍ മാദക നടിയായിരുന്ന സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്‌ചര്‍ സൂപ്പര്‍ഹിറ്റായതോടെയാണ്‌ വിദ്യാബാലനെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഇതുപ്രകാരം അണിയറപ്രവര്‍ത്തകര്‍ വിദ്യയുമായി സംസാരിക്കുകയും, ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ അവര്‍ സമ്മതിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ അനുഷ്‌ക്കയെ ഒഴിവാക്കുകയായിരുന്നുവെന്ന്‌ അറിയുന്നു.
എന്നാല്‍ തന്നെ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയ ശേഷം ഒഴിവാക്കുന്നത്‌ നീതികേടാണെന്നാണ്‌ അനുഷ്‌ക്കയുടെ പക്ഷം. അതേസമയം ചിത്രത്തില്‍ രജനിയുടെ സഹോദരി വേഷം സ്‌നേഹ ചെയ്യുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. എ ആര്‍ റഹ്‌മാനാണ്‌ ചിത്രത്തിന്‌ വേണ്ടി സംഗീതമൊരുക്കുക. ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ്‌ ക്യാപ്‌ചര്‍ ടെക്‌നോളജി(പിസിടി) ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും കൊച്ചടിയാനുണ്ട്‌.

തമിഴ്‌ സൂപ്പര്‍ താരം സൂര്യ മലയാളത്തില്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബയ്‌ പൊലീസ്‌ എന്ന ചിത്രത്തിലൂടെ തമിഴ്‌ സൂപ്പര്‍ താരം സൂര്യ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന്‌ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന മുംബയ്‌ പൊലീസില്‍ നിന്ന്‌ അദ്ദേഹം പിന്‍മാറിയെന്നും ഒഴിവാക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്‌ ശേഷം മമ്മൂട്ടി നായകനാകുമെന്നും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ തമിഴ്‌ താരം സൂര്യ ചിത്രത്തില്‍ നായകനാകുമെന്നാണ്‌.
എന്നാല്‍ ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന്‌ സൂര്യ പറഞ്ഞു. മലയാളം സിനിമയില്‍ അഭിനയിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാല്‍ ഡേറ്റും കഥയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മുംബയ്‌ പൊലീസില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ട്‌ തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ ചില സുഹൃത്തുക്കള്‍ വന്ന്‌ കണ്ടിരുന്നു. എന്നാല്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ കണ്ടിട്ടില്ലെന്നും സൂര്യ പറഞ്ഞു. അതേസമയം സൂര്യയെ കണ്ട്‌ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ എന്നറിയുന്നു. മലയാളത്തില്‍ ഏറെ ആരാധകരുള്ളതിനാലും പൊലീസ്‌ വേഷങ്ങള്‍ ചെയ്‌ത്‌ മികവ്‌ തെളിയിച്ചിട്ടുള്ളതിനാലും സൂര്യയെ പരിഗണിക്കുന്നത്‌. എന്നാല്‍ ചില തമിഴ്‌ ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ സൂര്യയെ ഉടന്‍ ലഭിക്കില്ല. നേരത്തെ ജൂണ്‍-ജൂലൈ മാസങ്ങളിലായി ചിതീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന മുംബയ്‌ പൊലീസ്‌ നീട്ടിവെയ്‌ക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കാസനോവ നീണ്ടുപോയതിനാലാണ്‌ മുംബയ്‌ പൊലീസ്‌ നീണ്ടത്‌. നല്‍കിയ ഡേറ്റില്‍ ചിത്രം തുടങ്ങാത്തതിനാല്‍ പൃഥ്വിരാജ്‌ പിന്‍മാറുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ പൃഥ്വിയ്‌ക്കെതിരെ വിമര്‍ശനവുമായി റോഷന്‍ ആന്‍ഡ്രൂസ്‌ രംഗത്തെത്തിയിരുന്നു. മുംബയ്‌ പശ്‌ചാത്തലത്തില്‍ നടക്കുന്ന പൊലീസ്‌ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌.

ഐശ്വര്യയുടെ മടങ്ങി വരവ്‌ ഷാരൂഖിനൊപ്പം


അമ്മയായ ഐശ്വര്യ റായ്‌ ബച്ചന്‍ അടുത്ത ജനുവരിയോടെ അഭിനയ രംഗത്ത്‌ തിരിച്ചെത്തുന്നു. അതും ബോളിവുഡിലെ കിംഗ്‌ ഖാന്‍ ഷാരൂഖിന്റെ നായികയായി. സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ സ്വപ്‌ന പ്രോജക്‌ടായ ബജിറാവു മസ്‌താനി എന്ന സിനിമയിലൂടെയാണ്‌ ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നത്‌. നേരത്തെ വിഖ്യാത പ്രണയകഥ പറഞ്ഞ ബന്‍സാലിയുടെ ദേവദാസ്‌ എന്ന സിനിമയില്‍ ഇവരായിരുന്നു അഭിനയച്ചത്‌. 2003ല്‍ പ്രഖ്യാപിച്ച സിനിമയാണ്‌ അടുത്ത ജനുവരിയല്‍ ചിത്രീകരണം ആരംഭിക്കുന്നത്‌.
നേരത്തെ സല്‍മാന്‍ഖാനെയും ഐശ്വര്യ റായിയെയും വെച്ച്‌ ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്‌. എേന്നാല്‍ ഐശ്വര്യയും സല്‍മാനും തമ്മില്‍ പിണങ്ങിയതോടെയാണ്‌ ഈ പ്രോജക്‌ട്‌ നീണ്ടുപോയത്‌. ചിത്രത്തെക്കുറിച്ച്‌ ഷാരൂഖും സഞ്‌ജയ്‌ ലീലാ ബന്‍സാലിയും തമ്മില്‍ അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ഐശ്വര്യ റായ്‌ നേരത്തെ തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ദവദാസ്‌ പോലെ അനശ്വരമായ പ്രണയകഥ തന്നെയാണ്‌ ഈ ചിത്രവും പറയുന്നത്‌. ഏതായാലും ഒരിടവേളയ്‌ക്ക്‌ ശേഷം ഐശ്വര്യ റായ്‌ സിനിമയിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്‌.

Thursday, 8 December 2011

വീരേന്ദര്‍ സേവാഗിന്് ഇരട്ടസെഞ്ചുറിയും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്‍ഡോര്‍ ഏകദിനത്തില്‍ വീരേന്ദര്‍ സേവാഗിന്് ഇരട്ടസെഞ്ചുറിയും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. ഇതോടെ രണ്ടു ഇരട്ടസെഞ്ചുറികളും ഇന്ത്യാക്കാരുടേതായി. ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു.

Wednesday, 7 December 2011

പ്രിയാമണി കാര്‍ അപകടത്തില്‍

 എന്താണ്‌ സംഭവിച്ചതെന്നും ഇപ്പോഴും അറിയില്ല. എന്തോ ഒരു മിറക്കിള്‍ സംഭവിക്കുകയായിരുന്നു- തന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ച്‌ തെന്നിന്ത്യന്‍ നടി പ്രിയാമണി പറയുന്നത്‌ ഇങ്ങനെ. ശക്‌തമായ ഇടിയുടെ ആഘാതത്തിലും റോഡിലേക്ക്‌ തെറിച്ചുവീഴാതിരുന്നതാണ്‌ തനിക്ക്‌ രക്ഷയായതെന്ന്‌ പ്രിയാമണി പറയുന്നു. ഇതിനെയാണ്‌ താന്‍ മിറക്കിള്‍ എന്ന്‌ വിശേഷിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ഡിസംബര്‍ മൂന്നിന്‌ കന്നഡചിത്രമായ 'അണ്ണ ബോണ്ടി'ന്റെ ചിത്രീകരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. കര്‍ണ്ണാടകയിലെ മുതതി വനമേഖലയ്‌ക്ക്‌ സമീപമായിരുന്നു അപകടം. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ അപകടത്തില്‍ കാര്‍ തകര്‍ന്നെങ്കിലും പ്രിയയ്‌ക്ക്‌ ഒട്ടും പരിക്കേറ്റില്ല. അപകടത്തിന്‌ ശേഷം മറ്റൊരു വാഹനത്തില്‍ പ്രിയ ഷൂട്ടിംഗ്‌ സ്ഥലത്തെത്തി. വാഹനം ഇടിച്ചയുടനെ എയര്‍ബാഗ്‌ തന്റെ രക്ഷയ്‌ക്കെത്തിയതായി പ്രിയാമണി പറയുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്‍വശത്തെ ഡോര്‍ തുറന്നുപോയെങ്കിലും താന്‍ പുറത്തേക്ക്‌ തെറിച്ചുപോയില്ല. ഇതാണ്‌ രക്ഷയായത്‌. പുറത്തേക്ക്‌ വീണിരുന്നെങ്കില്‍ എന്ത്‌ സംഭവിക്കുമായിരുന്നെന്ന്‌ പറയാനാകില്ലെന്നും പ്രിയാമണി പറഞ്ഞു. ഡ്രൈവറുടെ തലയ്‌ക്കും നെഞ്ചിനും സാരമായ പരിക്കുണ്ട്‌.

കാവ്യാമാധവനെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ ഒരു മുന്‍നിര നായികനടിയുടെ നേതൃത്വത്തില്‍ ഗൂഢനീക്കം

മലയാളികളുടെ പ്രിയതാരം കാവ്യാമാധവനെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ ഒരു മുന്‍നിര നായികനടിയുടെ നേതൃത്വത്തില്‍ ഗൂഢനീക്കം നടക്കുന്നതായി സൂചന. അടുത്തിടെ പ്രചരിച്ച വിവാഹവാര്‍ത്തയെക്കുറിച്ച്‌ കാവ്യയുടെ കുടുംബവും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിയ്‌ക്കുന്ന വിവരങ്ങള്‍ ലഭിച്ചത്‌. വിവാഹമോചനം നേടിയ ശേഷം തിരിച്ചെത്തിയിട്ടും കാവ്യയുടെ ജനപ്രീതി കുറയാതിരുന്നത്‌ ചിലരെ അസ്വസ്ഥരാക്കി.
ഇവര്‍ കാവ്യയെ സിനിമാ രംഗത്ത്‌ നിന്ന്‌ പുറത്താക്കുന്നതിന്‌ ഗൂഢാലോചന നടത്തുന്നത്‌. അങ്ങനെയാണ്‌ അടുത്തിടെ മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ ലഭിയ്‌ക്കുന്ന നായിക താരം ഒരു പ്രമുഖ ന്യൂസ്‌ പോര്‍ട്ടലിനോട്‌ കാവ്യ ഉടന്‍ രണ്ടാമത്‌ വിവാഹിതയാകുമെന്ന്‌ വിവരം നല്‍കിയത്‌. സിനിമാ രംഗത്ത്‌ സജീവമായ ഒരു സാങ്കേതികപ്രവര്‍ത്തകനായിരിക്കും കാവ്യയുടെ വരന്‍ എന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കാവ്യയുടെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന്‌ വിവാഹവാര്‍ത്തയുടെ പിന്നാമ്പുറം തേടിയത്‌. ഒടുവില്‍ കാവ്യയ്‌ക്കെതിരെ പ്രചാരണം നടത്തിയ വിവാദ നടിയെ കണ്ടെത്തിയ അന്വേഷണ സംഘം ഇതേക്കുറിച്ച്‌ ആരാഞ്ഞപ്പോള്‍, തനിക്ക്‌ ലഭിച്ച വിവരം ഒരു ന്യൂസ്‌ പോര്‍ട്ടലിന്‌ നല്‍കിയ അഭിമുഖത്തില്‍ വെറുതെ സൂചിപ്പിച്ചതാണെന്നും അല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
താനുമായി നല്ല സൗഹൃദമുള്ള നടിയാണ്‌ ഈ ഗൂഢനീക്കങ്ങള്‍ക്ക്‌ പിന്നിലെന്നത്‌ കാവ്യയെ ഞെട്ടിച്ചിട്ടുണ്ട്‌. കാവ്യയ്‌ക്കെതിരെ അടുത്തകാലത്തായി പ്രചരിക്കുന്ന മറ്റ്‌ ചില ഗോസിപ്പുകള്‍ക്ക്‌ പിന്നിലും ഈ സംഘമാണെന്നാണ്‌ സൂചന. ഒരു പ്രമുഖ സംവിധായകനും ഈ സംഘത്തിലുണ്ടെന്നാണ്‌ ലഭിച്ച വിവരം. മലയാളത്തിലെ ഒരു ജനപ്രിയനായകനുമായി കാവ്യയ്‌ക്ക്‌ വഴിവിട്ട ബന്ധമുണ്ടെന്നും, ഇയാള്‍ കാരണമാണ്‌ കാവ്യയുടെ വിവാഹബന്ധം തകര്‍ന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച്‌ അഭിനയിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച്‌ ഇരുവരും അമിതമായ അടുപ്പം കാണിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ ചില ന്യൂസ്‌ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കാവ്യയെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമായാണ്‌ ഈ ഗോസിപ്പുകള്‍. കാവ്യയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ ആദ്യ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്രയെയും ഈ ഗൂഢസംഘം രംഗത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ നിശാല്‍ ചന്ദ്രയുടെ അഭിമുഖം ചാനലുകളില്‍ വന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ കാവ്യ വിസമ്മതിച്ചു. സിനിമാരംഗത്ത്‌ ഗോസിപ്പുകള്‍ ഉണ്ടാകുമെന്നും, അത്‌ കാര്യമായെടുക്കുന്നില്ലെന്നുമാണ്‌ കാവ്യയുടെ നിലപാട്‌.
വിവാഹ മോചനം നേടിയ ശേഷം മലയാള സിനിമയിലേക്ക്‌ തിരിച്ചെത്തിയ കാവ്യയ്‌ക്ക്‌ കൈനിറയെ അവസരങ്ങളായിരുന്നു. ഇതില്‍ ചൈനാടൗണ്‍, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചപ്പോള്‍ ഗദ്ദാമ, ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ നിരവധി പുരസ്‌ക്കാരങ്ങളും നിരൂപക പ്രശംസയും നേടി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വെനീസിലെ വ്യാപാരി എന്ന ചിത്രമാണ്‌ കാവ്യ അഭിനയിച്ചതില്‍ റിലീസാകാനുള്ള സിനിമ. കാവ്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്‌. ഏതായാലും വിവാഹ വാര്‍ത്ത കൊണ്ട്‌ തന്നെ തകര്‍ക്കാനാകില്ലെന്ന്‌ തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ കാവ്യ. മേല്‍വിലാസം എന്ന ചിത്രം സംവിധാനം ചെയ്‌ത മാധവ്‌ രാംദാസിന്റെ അടുത്ത ചിത്രം, സുധി അമ്പലപ്പാടിന്റെ ബ്രേക്കിംഗ്‌ ന്യൂസ്‌, അനില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയിലും കാവ്യ അഭിനയിക്കുന്നുണ്ട്‌.

Monday, 5 December 2011

പണ്ഡിറ്റിന്‌ അമ്മയില്‍ അംഗത്വം വേണം; മോഹന്‍ലാലിന്റെ ഡേറ്റും!



കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളക്കരയാകെ നിറഞ്ഞുനില്‍ക്കുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ പുതിയ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന്‌ അറിയാമോ? താരസംഘടനയായ അമ്മയില്‍ അംഗത്വം വേണം, തീര്‍ന്നില്ല, സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഡേറ്റും കൂടി കിട്ടിയാല്‍ കൊള്ളാമായിരുന്നു. അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ്‌ സംഘടനയില്‍ അംഗത്വം വേണമെന്ന്‌ പണ്ഡിറ്റ്‌ ആവശ്യപ്പെട്ടത്‌.
എന്നാല്‍ ആവശ്യം കേട്ടതല്ലാതെ ഒരു മറുപടി നല്‍കാന്‍ ബാബു തയ്യാറായില്ല. ഒടുവില്‍ ഫോണ്‍ സംസാരം അവസാനിപ്പിക്കാന്‍ നോക്കിയപ്പോള്‍ ഉടന്‍ വന്നു അടുത്ത ആവശ്യം, എങ്ങനെയെങ്കിലും മോഹന്‍ലാലിന്റെ ഡേറ്റ്‌ സംഘടിപ്പിച്ച്‌ കൊടുക്കണമത്രെ. സൂര്യ ടിവിയിലെ ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുക്കവെ, ഇടവേള ബാബു തന്നെയാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌ സന്തോഷ്‌ പണ്ഡിറ്റിന്റെ ആഗ്രഹം താന്‍ മോഹന്‍ലാലിനെ അറിയിച്ചതായും ഇടവേള ബാബു പറയുന്നു. എന്നാല്‍ ഇതിനോട്‌ മോഹന്‍ലാല്‍ എങ്ങനെ പ്രതികരിച്ചുവെന്ന്‌ വെളിപ്പെടുത്താന്‍ ബാബു തയ്യാറായില്ല. ഏതായാലും സന്തോഷ്‌ പണ്ഡിറ്റിന്‌, മോഹന്‍ലാല്‍ ഡേറ്റ്‌ നല്‍കുമോയെന്ന്‌ അറിയാന്‍ ആകാക്ഷയോടെ കാത്തിരിക്കുകയാണ്‌ ചലച്ചിത്രപ്രേമികള്‍.