മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള നിയമപരമായ വശങ്ങള്‍ ആലോചിക്കാനും ചര്‍ച്ച ചെയ്യാനുമായി സംസ്ഥാന ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ശനിയാഴ്ച ഡല്‍ഹിയിലെത്തും.
ഇടുക്കിയില്‍ സമീപദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഭൂചലനങ്ങളും അണക്കെട്ടിനെക്കുറിച്ചുയര്‍ന്ന ആശങ്കയും ജനങ്ങളുടെ ഭീതിയും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.
മുല്ലപ്പെരിയാര്‍ തര്‍ക്കം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി പരിഗണിക്കുന്നതിനാല്‍ സാധാരണരീതിയിലുള്ള അപേക്ഷയോ ഹര്‍ജിയോ കോടതി സ്വീകരിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ ഭൂചലനവും പുതിയ സ്ഥിതിവിശേഷങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ വിദഗ്ധറിപ്പോര്‍ട്ടുകള്‍ സഹിതം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയടക്കമുള്ള നിയമവിദഗ്ധരുമായി മന്ത്രി പി. ജെ. ജോസഫ് ചര്‍ച്ച നടത്തും. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗം തിങ്കളാഴ്ച ചേരുമ്പേള്‍ സ്വീകരിക്കേണ്ട സമീപനങ്ങളും മന്ത്രി അവലോകനം ചെയ്യും. കേരളം അനാവശ്യഭീതി സൃഷ്ടിക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് കേരളത്തിന്റെ നീക്കമെന്നറിയുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാനായി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് സെക്രട്ടറി സായികുമാറും ഡല്‍ഹിയിലെത്തുന്നുണ്ട്. ഉദ്യോഗസ്ഥതലചര്‍ച്ചയ്ക്ക് കേരളത്തെയും തമിഴ്‌നാടിനെയും ഈ ഉദ്യോഗസ്ഥരാണ് പ്രതിനിധാനം ചെയ്യുകയെന്നും അറിയുന്നു.
No comments:
Post a Comment