മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചിട്ടുള്ള അനൗപചാരിക ചര്‍ച്ചയില്‍ തമിഴ്‌നാട് പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് സംസ്ഥാന ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥതല ചര്‍ച്ചയെക്കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ടെലിഫോണിലാണ് തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറിയുടെ ഓഫീസിലേക്ക് സന്ദേശം വന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് സന്ദേശത്തില്‍ വ്യക്തമായിരുന്നില്ലെന്നും ചര്‍ച്ചയുടെ സ്വഭാവത്തെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്നും തമിഴ്‌നാട് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
തങ്ങള്‍ക്കനുകൂലമായി നിലപാടെടുക്കുന്നതിന് കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചതെന്നറിയുന്നു. മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്‌നാടിന്റെ പ്രതിനിധിയായി പൊതുമരാമത്ത് സെക്രട്ടറി സായ്കുമാര്‍ ഡല്‍ഹിക്ക് പോകുമെന്നായിരുന്നു തമിഴ്‌നാട് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന നിര്‍ദേശം ഭരണകൂടത്തിന്റെ തലപ്പത്തുനിന്ന് ശനിയാഴ്ച സായ്കുമാറിന് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ തമിഴ്‌നാട് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്ന് വ്യക്തമാക്കുന്ന ഒരേയൊരു വാക്യമാണ് ശനിയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. കേരളവുമായി ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടാണ് തമിഴ്‌നാട്ടില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. ശനിയാഴ്ച തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്ത് സംസ്ഥാന ഗവര്‍ണര്‍ കെ.റോസയ്യയെ കണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിവേദനം നല്‍കിയിരുന്നു. അതുകഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ട വിജയകാന്ത് പറഞ്ഞത്, ചര്‍ച്ചകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും 2006-ലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നുമാണ്.
2006-ലെ സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേരളവുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിനോടാണ് ജയലളിത സര്‍ക്കാറിനും ആഭിമുഖ്യം എന്നാണ് സൂചന. സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ട് മതി ചര്‍ച്ചയെന്ന നിയമോപദേശമാണ് തമിഴ്‌നാടിന് കിട്ടിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അനൗപചാരിക ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും തമിഴ്‌നാട് പറയുന്നു. ഈ പശ്ചാത്തലത്തില്‍ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയുടെ കാര്യത്തിലും അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്.
No comments:
Post a Comment