മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അഡ്വക്കേറ്റ് ജനറലിനെ പുറത്താക്കിയില്ലെങ്കില്‍ ആറാം തീയതി വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി.
കേരളം ഒറ്റക്കെട്ടായി ഒരു ജീവന്‍മരണ പ്രശ്‌നത്തില്‍ സമരരംഗത്തിറങ്ങിയ സാഹചര്യത്തില്‍ പെട്ടെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തികച്ചും വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് നടുക്കമുളവാക്കുന്നതാണ്. അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നല്‍കിയ സത്യവാങ്മൂലം കേരളത്തിന്റെ കേസ് പൂര്‍ണമായും അട്ടിമറിക്കുന്നതും കേരള ജനതയുടെ വികാരത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍, ഡിസംബര്‍ ആറിന് സര്‍വകക്ഷിയോഗവും ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുകൂട്ടുന്നതിന്റെ പ്രസക്തിയെന്താണ്? വി.എസ്. ചോദിച്ചു.
ഡാം പൊട്ടിയാല്‍ 13 ടി.എം.സി വെള്ളമാണ് ഒലിച്ചിറങ്ങുക. ഇത് ഒരു സുനാമിയുടെ ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയമകാര്യങ്ങളെക്കുറിച്ച് പറയാനേ എ.ജിക്ക് അവകാശമുള്ളൂ. എന്‍ജിനീയറിങ്ങിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. എ.ജിയുടെ ഭാര്യ നടത്തുന്ന അഭിഭാഷക സ്ഥാപനമാണ് തമിഴ്‌നാടിനുവേണ്ടി മുല്ലപ്പെരിയാര്‍ കേസ് വാദിക്കുന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം തനിക്ക് അറിയില്ലെന്നാണ് എ.ജി പറയുന്നത്. 35 ലക്ഷം ജനങ്ങളുടെ പ്രാണന്‍ അറബിക്കടലില്‍ ചെന്നടിയുംവിധം രൂക്ഷമായ ഒരു സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ എ.ജി. ഇങ്ങനെയൊരു സത്യവാങ്മൂലം നല്‍കിയതിനുപിന്നില്‍ മറ്റ് ചില താത്പര്യങ്ങളുമുണ്ട്. ഇടുക്കിയിലും മറ്റും ചിലര്‍ക്ക് തോട്ടങ്ങളുണ്ടെന്നാരോപണമുണ്ട്. വക്കീല്‍ ഫീസിനു പകരം ചില മന്ത്രിമുഖ്യര്‍ തോട്ടങ്ങള്‍ വക്കീലിന് നല്‍കുന്നുണ്ടോയെന്നും അന്വേഷിക്കണം - വി.എസ്. പറഞ്ഞു. എ.ജിയുടെ നിലപാടിന് യോജിക്കുംവിധം റവന്യൂ മന്ത്രി നടത്തിയ പ്രസ്താവന തന്നെ അമ്പരപ്പിക്കുന്നുവെന്നും വി.എസ് വ്യക്തമാക്കി.
No comments:
Post a Comment