Thursday, 1 December 2011

ജയലളിതയ്ക്ക് പ്രധാനമന്ത്രി കത്ത് നല്‍കി; ചര്‍ച്ച വേണം


മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായപരിഹാരം കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക്് കത്തെഴുതുകയും ചെയ്തു.

പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ ജയലളിത കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയില്‍, പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടണമെന്ന് ജലവിഭവ മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ മുന്നിലാണെന്ന് വ്യക്തമാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെയിടയില്‍ ഭീതി പരത്തുന്ന ഒരു നടപടിയും ഉണ്ടാകരുത്. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു-അദ്ദേഹം പറഞ്ഞു.


* നേരത്തേ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയെന്നായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ക്ക് നല്‍കിയ സൂചന. ഉദ്യോഗസ്ഥതല ചര്‍ച്ച അതിനു മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു.


* ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ് 120 അടിയിലേക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത്. ജലനിരപ്പ് കുറയ്ക്കുന്നത് തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ യാതൊരു കാരണവശാലും ബാധിക്കില്ലെന്നും കത്തില്‍ വിശദീകരണം.


* വ്യാഴാഴ്ച രാത്രി തന്നെ ഉമ്മന്‍ചാണ്ടിക്ക് ജയലളിതയുടെ മറുപടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കുഴപ്പമൊന്നുമില്ലെന്നും പുതിയ ഡാം പണിയേണ്ട ആവശ്യമില്ലെന്നും ജയലളിത.


* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളും ഉദ്യോഗസ്ഥരും നടത്തുന്ന പരസ്യപ്രസ്താവന വിലക്കണമെന്ന് സുപ്രീംകോടതിയില്‍ തമിഴ്‌നാടിന്റെ അപേക്ഷ.


* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേരള സര്‍ക്കാറിന് അനുമതി നല്‍കാനും നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത്.


* പാര്‍ലമെന്റില്‍ വ്യാഴാഴ്ചയും കേരള എം.പി.മാരുടെ പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ സ്ഥിതിഗതി നേരിട്ടു വിലയിരുത്താന്‍ കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയയ്ക്കണമെന്ന് സഭാധ്യക്ഷന്മാരോട് ആവശ്യപ്പെടും.


* പ്രശ്‌നത്തില്‍ ഇടപെട്ട് രമ്യമായ പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ച് സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജയുടെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടി എം.പി.മാര്‍ പ്രധാനമന്ത്രിയെ കണ്ടു.


* മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വെള്ളിയാഴ്ച രാവിലെ 11-ന് തിരുവനന്തപുരത്ത് . ഡാമിന് കീഴെ നീരൊഴുക്കുള്ള ഭാഗത്തെ ജലവിതാനത്തിലുണ്ടാവുന്ന മാറ്റം നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ സെന്‍സര്‍ സ്ഥാപിക്കും.

No comments:

Post a Comment