തൊടുപുഴ: മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അതിനിരയാവുക വള്ളക്കടവ് നിവാസികളാണ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ അതിര്‍ത്തിയിലെ ആദ്യ ജനവാസമേഖലയാണിത്. തൊട്ടുതാഴെ വണ്ടിപ്പെരിയാര്‍, മ്ലാമല, കീരിക്കര, ഫാത്തിമുക്ക്, ചപ്പാത്ത്, ആലടി, പരപ്പ്, ഉപ്പുതറ ടൗണ്‍ എന്നീ പ്രദേശങ്ങളെ ഇല്ലാതാക്കി പെരിയാര്‍ പിന്നീട് തോണിത്തടിയില്‍വച്ച് ഇടുക്കി ഡാമില്‍ പതിക്കും. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിലാണ് ഈ പ്രദേശങ്ങള്‍. സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തലാണിത്.
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ഒഴുകുന്നത് കുറഞ്ഞത് 50 അടിയെങ്കിലും ഉയരത്തിലാവും. വള്ളക്കടവ് മുതല്‍ തോണിത്തടി വരെ പെരിയാറിന്റെ ഇരുകരയിലും 15 അടി മാത്രം ഉയരത്തില്‍ ഒട്ടേറെ വീടുകളുണ്ട്.
പെരിയാറ്റില്‍ക്കൂടി മാത്രമാവില്ല വെള്ളം വരിക. മഞ്ചുമല വില്ലേജില്‍പ്പെട്ട വള്ളക്കടവ് കഴിഞ്ഞാല്‍ ജലപ്രളയം മൂന്നായി തിരിയാമെന്നും ഒരുഭാഗം ഗവി, പത്തനംതിട്ട വഴിയും മറ്റൊരു പ്രവാഹം ഗ്രാസി, പീരുമേട് വഴിയും പോകുമെന്നും ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, നേരെ കോട്ടയം (കോരുത്തോട് മേഖല) പത്തനംതിട്ട ജില്ലകളിലേക്കും പ്രളയജലം കുതിച്ചെത്തും. ബാക്കി നല്ലൊരു പങ്ക് വെള്ളമാവും ഇടുക്കി ഡാമിലേക്ക് പെരിയാറ്റിലൂടെ കുതിക്കുക - തീരങ്ങളെ കാര്‍ന്നെടുത്തുകൊണ്ട്.
പെരിയാറിന്റെ കരകളില്‍ത്തന്നെ ചെറിയ അരുവികളിലൂടെയും തോടുകളിലൂടെയും വെള്ളം കുതിച്ചെത്തും. ആറിന് സമീപം അധികം ഉയരമില്ലാത്ത ജനവാസകേന്ദ്രങ്ങളെല്ലാം മുങ്ങും.
ചപ്പാത്ത് വള്ളക്കടവിന് സമീപം മൂന്നാര്‍ മുക്കില്‍ പെരിയാറ്റില്‍ ചേരുന്ന ചിന്നാര്‍, ചീന്തലാര്‍, കൈതപ്പതാല്‍ പുഴകളിലേക്കും വള്ളക്കടവ് മുതല്‍ തോണിത്തടി വരെയുള്ള 27 തോടുകളിലേക്കും വെള്ളം ഇരച്ചുകയറും.
ഇടുക്കി ഡാം പരമാവധി സംഭരണശേഷിയോടടുത്തു നില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി, കുളമാവ് ഡാമുകള്‍ തകര്‍ന്നേക്കാം. കുളമാവ് ഡാം തകര്‍ന്നാല്‍ ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, കോടിക്കുളം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളും തൊടുപുഴ നഗരസഭാ പ്രദേശവും കടന്നാവും ജലപ്രവാഹം എറണാകുളം ജില്ലയില്‍ പ്രവേശിക്കുക.
ചെറുതോണി ഡാമിന് കുഴപ്പം സംഭവിച്ചാല്‍ പെരിയാറ്റില്‍ക്കൂടിയുള്ള കുതിച്ചൊഴുക്ക് താഴെ ഇടുക്കി ജില്ലയില്‍ മാത്രം ആറ് പഞ്ചായത്തുകളിലെ പല ജനവാസകേന്ദ്രങ്ങളും നാമാവശേഷമാക്കും.
വാഴത്തോപ്പ് പഞ്ചായത്തില്‍ ചെറുതോണി, തടയമ്പാട്, കരിമ്പന്‍ എന്നീ പ്രധാനകേന്ദ്രങ്ങളെ ബാധിക്കും. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, പനംകൂട്ടി, കീരിത്തോട്, പകുതിപ്പാലം, പെരിയാര്‍വാലി എന്നിവിടങ്ങള്‍ മുങ്ങാനിടയുണ്ട്. വാത്തിക്കുടി പഞ്ചായത്തിലെ കരിമ്പന്‍ താഴ്ഭാഗവും മരിയാപുരം പഞ്ചായത്തിലെ മരിയാപുരം, ഉപ്പുതോട് വിമലഗിരി തുടങ്ങിയ പ്രദേശങ്ങളും ദുരന്തത്തില്‍ അമരും.
ഇടുക്കി ഡാമിനെ തകര്‍ത്തെത്തുന്ന വെള്ളം 50 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളെ വിഴുങ്ങാം. ഇതിനിടെ, ഈ വഴിയിലുള്ള ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളും തകരുകയാണെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടും.
വെള്ളത്തൂവല്‍ പഞ്ചായത്തിലെ പനംകൂട്ടി മുകള്‍ഭാഗം, മന്നാങ്കണ്ടം പഞ്ചായത്തിലെ കാഞ്ഞിരവേലി എന്നിവിടങ്ങള്‍ കടന്ന് എത്തുന്ന വെള്ളം പെരിയാറിന്റെ മറുകരയിലുള്ള കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിലും കരിമണലിലും നാശം വിതച്ചാവും നേര്യമംഗലം പാലവും തകര്‍ത്ത് എറണാകുളം ജില്ലയില്‍ പ്രവേശിക്കുക. ഇതിനകം ഏഴുലക്ഷത്തില്‍പ്പരം ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെടും.
എറണാകുളം ജില്ലയില്‍ പ്രവേശിച്ചാല്‍പ്പിന്നെ ദുരന്തത്തിന്റെ ഭീതി സങ്കല്പത്തിനും അപ്പുറമാകും. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍കൂടി തകര്‍ത്ത് എത്തുന്ന മഹാപ്രളയം കൊച്ചി നഗരത്തെ ഭൂപടത്തില്‍നിന്നുതന്നെ മായ്ച്ചുകളഞ്ഞേക്കാം. ഇതിനകം ആലപ്പുഴ ജില്ലയിലും വെള്ളപ്പാച്ചില്‍ വിപത്ത് വിതയ്ക്കും. പ്രളയജലം അറബിക്കടലില്‍ പതിക്കുംമുമ്പ് 30 ലക്ഷത്തിലധികം പേരുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
No comments:
Post a Comment