കുമാരനല്ലൂര്‍: ദേവീക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ച വൈകീട്ട്‌കൊടിയേറി. 'അമ്മേ ദേവീമഹാമായേ' മന്ത്രം ഉരുവിട്ട് മതില്‍ക്കകം നിറഞ്ഞുനിന്ന ഭക്തരുടെ സാന്നിധ്യത്തില്‍ തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. കടിയക്കോല്‍ ദാമോദരന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ ഉത്സവം കൊടിയേറിയപ്പോള്‍ മനം നിറയെ പ്രാര്‍ത്ഥനയോടെ പുരുഷാരം തൊഴുകൈ ഉയര്‍ത്തി.
കൊടിയേറ്റിനെ തുടര്‍ന്ന് ഡി.വി.ഹൈസ്‌കൂള്‍ അങ്കണത്തിലെ കണ്‍വെന്‍ഷന്‍ പന്തലില്‍ ചേര്‍ന്ന സാംസ്‌കാരികസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സണ്ണികല്ലൂരിന്റെ അധ്യക്ഷതയില്‍ ഡോ. കദ്രിഗോപാല്‍നാഥ് കലാമേള ഉദ്ഘാടനം ചെയ്തു.
സുരേഷ്‌കുറുപ്പ് എം.എല്‍.എ. പൊതു വിദ്യാഭ്യാസ വകുപ്പ് അസി. ഡയറക്ടര്‍ വി.കെ. സരളമ്മ, വിശ്വഹിന്ദുപരിഷത്ത് ദേശീയ ഉപാധ്യക്ഷന്‍ കെ.വി മദനന്‍, യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, നഗരസഭാ കൗണ്‍സിലര്‍മാരായ ഡി. ഹരിനാരായണന്‍, സെബാസ്റ്റ്യന്‍ വാളംപറമ്പില്‍, പി.ആര്‍. ശ്രീകല, ഊരാണ്‍മ ദേവസ്വം വൈസ് പ്രസിഡന്റ് കെ.എ. മുരളി, ഉത്സവകമ്മിറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നവരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം ഭരണാധികാരി എസ്. പരമേശ്വരന്‍ നമ്പൂതിരി, ഊരാണ്‍മ യോഗം പ്രസിഡന്റ് ഇ.കെ. കൃഷ്ണന്‍ നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ.എസ്. ശങ്കരന്‍ നമ്പൂതിരി, പി.ആര്‍.ഒ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. 10-ാം തിയ്യതി ആറാട്ടോടെ ഉത്സവം സമാപിക്കും. 9-ാം തിയ്യതി ആണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക ദര്‍ശനം.
No comments:
Post a Comment