കെ.സി.ബി.സിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും ഞായറാഴ്ച മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കും. മുല്ലപ്പെരിയാര്‍ ദിനാചരണത്തിന്റെ ഭാഗമായി ദൈവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തും.
മതബോധനവിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരികള്‍ തെളിച്ചും പ്രതിജ്ഞ ചൊല്ലിയും മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ്. കത്തോലിക്കാസഭയിലെ സാമൂഹിക പ്രവര്‍ത്തനവിഭാഗങ്ങളും സംഘടനകളും മുല്ലപ്പെരിയാര്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രതീകാത്മകമായി മറ്റു പരിപാടികളും സംഘടിപ്പിക്കും.
കെ.സി.ബി.സി.യുടെ ആഹ്വാനമനുസരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. ഉപ്പുതറയില്‍നിന്ന് ആരംഭിക്കുന്ന സമര അഭിവാദന റാലി ചപ്പാത്ത് സമരപ്പന്തലില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം രൂപതാ മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. തിങ്കളാഴ്ച ചപ്പാത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ബസേലിയൂസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ സംസാരിക്കും.
No comments:
Post a Comment