കോളേജിലെ മാനസികപീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി 16 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. മംഗലാപുത്തെ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥിനിയും തിരുവല്ല പൊടിയാടി കോട്ടാത്തിപറമ്പില്‍ ശാരദാലയത്തില്‍ ദേവദാസിന്റെ മകളുമായ ശ്രുതിദാസാണ്(17) കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
മംഗലാപുരത്തെ ന്യൂ മാംഗ്ലൂര്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ബി.എസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ശ്രുതി നവംബര്‍ 17 നാണ് തിരുവല്ലയിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നഴ്‌സിങ് കോളേജിലെ ട്യൂട്ടറും വാര്‍ഡനുംചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും മാനസികരോഗിയെന്നു മുദ്രകുത്തുകയും ചെയ്തതില്‍ മനംനൊന്തായിരുന്നു ശ്രുതി ആത്മഹത്യക്ക് ശ്രമിച്ചത്. എഴുപതുശതമാനത്തോളം പൊള്ളലേറ്റാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊള്ളലേറ്റ ശ്രുതിക്ക് അണുബാധയും ഉണ്ടായിരുന്നു. സംസാരശേഷിയും നഷ്ടമായി. വെള്ളം പോലും കുടിക്കാന്‍ പറ്റാതെ മൂന്നുദിവസമായി പൂര്‍ണ അവശതയിലായിരുന്നു.
നിര്‍ധന കുടുംബത്തിലെ അംഗമായ ശ്രുതി ബാങ്ക് വായ്പയെടുത്താണ് പഠനത്തിനുചേര്‍ന്നത്.
സിന്ധുവാണ് ശ്രുതിയുടെ അമ്മ. സഹോദരന്‍: ശ്രീജിത്ത് (തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്. പത്താംക്ലാസ് വിദ്യാര്‍ഥി). ശ്രുതിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് തിരുവല്ലയിലെ വീട്ടില്‍ എത്തിച്ചു. വൈകീട്ട് പിതൃസഹോദരന്റെ വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടന്നു.
No comments:
Post a Comment