Monday, 5 December 2011

ബ്യൂട്ടിഫുള്‍ മികച്ച ചിത്രം



പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങിനില്‍ക്കുന്ന മലയാള സിനിമയ്‌ക്ക്‌ പ്രത്യാശയുടെ കിരണമായി അടുത്തിടെ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രം മാറുന്നു. അനൂപ്‌ മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ജയസൂര്യയ്‌ക്കൊപ്പം അനൂപ്‌ മേനോനും മേഘ്‌ന രാജും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഴുത്തിന്‌ കീഴെ തളര്‍ന്നുപോയ സ്‌റ്റീഫന്‍ ലൂയിസ്‌(ജയസൂര്യ) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്‌ ബ്യൂട്ടിഫുളിന്റെ കഥ വികസിക്കുന്നത്‌.
സ്‌റ്റീഫനെ പരിചരിക്കുന്ന ഹോം നഴ്‌സായി മേഘ്‌നയും ഉറ്റ സുഹൃത്ത്‌ ജോണായി അനൂപ്‌ മേനോനും അഭിനയിച്ചിരിക്കുന്നു. ഇവരുടെ സൗഹൃദവും പ്രണയവും, കോടീശ്വരനായ സ്‌റ്റീഫന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ബന്ധുക്കളുടെ ശ്രമവുമെല്ലാം ചിത്രത്തെ പ്രേക്ഷകരിലേക്ക്‌ അടുപ്പിക്കുന്നു. ജയസൂര്യ, അനൂപ്‌ മേനോന്‍, മേഘ്‌ന എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വമാക്കിയിട്ടുണ്ട്‌. ടിനി ടോം, തെസ്‌നിഖാന്‍ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്‌. ചാപ്പാക്കുരിശിലൂടെ ശ്രദ്ധേയനായ ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണം അടുത്തകാലത്ത്‌ മലയാള സിനിമയില്‍ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മികവേറിയതാണ്‌. അനൂപ്‌ മേനോന്‍ രചിച്ച്‌ രതീഷ്‌ വേഗ ഈണമിട്ട മഴനീര്‍ തുള്ളികള്‍, മൂവന്തിയായി അകലെ തുടങ്ങിയ ഗാനങ്ങളും ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ശ്രദ്ധേയമാക്കുന്നു. ബ്യൂട്ടിഫുള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം മികച്ച ചിത്രമെന്നാണ്‌ വിലയിരുത്തുന്നത്‌. സമരങ്ങളും പ്രതിസന്ധികളും അതിജീവിച്ച്‌ തിയറ്ററുകളിലെത്തിയ സ്വപ്‌നസഞ്ചാരി, നായിക, ഡാം 999 തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ ബ്യൂട്ടിഫുള്‍ മലയാള സിനിമയ്‌ക്ക്‌ താല്‍ക്കാലിക ആശ്വാസമാണ്‌.

No comments:

Post a Comment