Monday, 12 December 2011

വിദ്യയോ, അസിനോ, അനുഷ്‌കയോ? രജനിയുടെ നായികയാര്‌?

 രജനികാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനില്‍ നായികയാകാന്‍ മൂന്നു മുന്‍നിര നടിമാര്‍ തമ്മില്‍ പോര്‌. ചിത്രത്തില്‍ അസിനും വിദ്യബാലനും നായികയാകുമെന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കൊച്ചടിയാനില്‍ അഭിനയിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ക്ഷണിച്ചിരുന്നതായും, ഒഴിവാക്കിയതായി അറിയില്ലെന്നും പറഞ്ഞ്‌ തെന്നിന്ത്യന്‍ നടി അനുഷ്‌ക്ക രംഗത്തെത്തിയിരിക്കുന്നു.
ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക്‌ താല്‍പര്യമുണ്ടെന്നും അനുഷ്‌ക്ക പറയുന്നു.
രണ്ടു നായികമാരുള്ള ചിത്രത്തില്‍ അസിനെയും അനുഷക്കയെയും നായികമാരായി നിശ്‌ചയിച്ചിരുന്നതായാണ്‌ വിവരം. പിന്നീട്‌ അനുഷ്‌ക്കയെ ഒഴിവാക്കി വിദ്യാ ബാലനെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സൂചനയുണ്ട്‌. തെന്നിന്ത്യന്‍ മാദക നടിയായിരുന്ന സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്‌ചര്‍ സൂപ്പര്‍ഹിറ്റായതോടെയാണ്‌ വിദ്യാബാലനെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഇതുപ്രകാരം അണിയറപ്രവര്‍ത്തകര്‍ വിദ്യയുമായി സംസാരിക്കുകയും, ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ അവര്‍ സമ്മതിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ അനുഷ്‌ക്കയെ ഒഴിവാക്കുകയായിരുന്നുവെന്ന്‌ അറിയുന്നു.
എന്നാല്‍ തന്നെ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയ ശേഷം ഒഴിവാക്കുന്നത്‌ നീതികേടാണെന്നാണ്‌ അനുഷ്‌ക്കയുടെ പക്ഷം. അതേസമയം ചിത്രത്തില്‍ രജനിയുടെ സഹോദരി വേഷം സ്‌നേഹ ചെയ്യുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. എ ആര്‍ റഹ്‌മാനാണ്‌ ചിത്രത്തിന്‌ വേണ്ടി സംഗീതമൊരുക്കുക. ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ്‌ ക്യാപ്‌ചര്‍ ടെക്‌നോളജി(പിസിടി) ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും കൊച്ചടിയാനുണ്ട്‌.

തമിഴ്‌ സൂപ്പര്‍ താരം സൂര്യ മലയാളത്തില്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബയ്‌ പൊലീസ്‌ എന്ന ചിത്രത്തിലൂടെ തമിഴ്‌ സൂപ്പര്‍ താരം സൂര്യ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന്‌ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന മുംബയ്‌ പൊലീസില്‍ നിന്ന്‌ അദ്ദേഹം പിന്‍മാറിയെന്നും ഒഴിവാക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്‌ ശേഷം മമ്മൂട്ടി നായകനാകുമെന്നും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ തമിഴ്‌ താരം സൂര്യ ചിത്രത്തില്‍ നായകനാകുമെന്നാണ്‌.
എന്നാല്‍ ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന്‌ സൂര്യ പറഞ്ഞു. മലയാളം സിനിമയില്‍ അഭിനയിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാല്‍ ഡേറ്റും കഥയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മുംബയ്‌ പൊലീസില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ട്‌ തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ ചില സുഹൃത്തുക്കള്‍ വന്ന്‌ കണ്ടിരുന്നു. എന്നാല്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ കണ്ടിട്ടില്ലെന്നും സൂര്യ പറഞ്ഞു. അതേസമയം സൂര്യയെ കണ്ട്‌ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ എന്നറിയുന്നു. മലയാളത്തില്‍ ഏറെ ആരാധകരുള്ളതിനാലും പൊലീസ്‌ വേഷങ്ങള്‍ ചെയ്‌ത്‌ മികവ്‌ തെളിയിച്ചിട്ടുള്ളതിനാലും സൂര്യയെ പരിഗണിക്കുന്നത്‌. എന്നാല്‍ ചില തമിഴ്‌ ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ സൂര്യയെ ഉടന്‍ ലഭിക്കില്ല. നേരത്തെ ജൂണ്‍-ജൂലൈ മാസങ്ങളിലായി ചിതീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന മുംബയ്‌ പൊലീസ്‌ നീട്ടിവെയ്‌ക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കാസനോവ നീണ്ടുപോയതിനാലാണ്‌ മുംബയ്‌ പൊലീസ്‌ നീണ്ടത്‌. നല്‍കിയ ഡേറ്റില്‍ ചിത്രം തുടങ്ങാത്തതിനാല്‍ പൃഥ്വിരാജ്‌ പിന്‍മാറുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ പൃഥ്വിയ്‌ക്കെതിരെ വിമര്‍ശനവുമായി റോഷന്‍ ആന്‍ഡ്രൂസ്‌ രംഗത്തെത്തിയിരുന്നു. മുംബയ്‌ പശ്‌ചാത്തലത്തില്‍ നടക്കുന്ന പൊലീസ്‌ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌.

ഐശ്വര്യയുടെ മടങ്ങി വരവ്‌ ഷാരൂഖിനൊപ്പം


അമ്മയായ ഐശ്വര്യ റായ്‌ ബച്ചന്‍ അടുത്ത ജനുവരിയോടെ അഭിനയ രംഗത്ത്‌ തിരിച്ചെത്തുന്നു. അതും ബോളിവുഡിലെ കിംഗ്‌ ഖാന്‍ ഷാരൂഖിന്റെ നായികയായി. സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ സ്വപ്‌ന പ്രോജക്‌ടായ ബജിറാവു മസ്‌താനി എന്ന സിനിമയിലൂടെയാണ്‌ ഷാരൂഖും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നത്‌. നേരത്തെ വിഖ്യാത പ്രണയകഥ പറഞ്ഞ ബന്‍സാലിയുടെ ദേവദാസ്‌ എന്ന സിനിമയില്‍ ഇവരായിരുന്നു അഭിനയച്ചത്‌. 2003ല്‍ പ്രഖ്യാപിച്ച സിനിമയാണ്‌ അടുത്ത ജനുവരിയല്‍ ചിത്രീകരണം ആരംഭിക്കുന്നത്‌.
നേരത്തെ സല്‍മാന്‍ഖാനെയും ഐശ്വര്യ റായിയെയും വെച്ച്‌ ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്‌. എേന്നാല്‍ ഐശ്വര്യയും സല്‍മാനും തമ്മില്‍ പിണങ്ങിയതോടെയാണ്‌ ഈ പ്രോജക്‌ട്‌ നീണ്ടുപോയത്‌. ചിത്രത്തെക്കുറിച്ച്‌ ഷാരൂഖും സഞ്‌ജയ്‌ ലീലാ ബന്‍സാലിയും തമ്മില്‍ അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ഐശ്വര്യ റായ്‌ നേരത്തെ തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ദവദാസ്‌ പോലെ അനശ്വരമായ പ്രണയകഥ തന്നെയാണ്‌ ഈ ചിത്രവും പറയുന്നത്‌. ഏതായാലും ഒരിടവേളയ്‌ക്ക്‌ ശേഷം ഐശ്വര്യ റായ്‌ സിനിമയിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്‌.

Thursday, 8 December 2011

വീരേന്ദര്‍ സേവാഗിന്് ഇരട്ടസെഞ്ചുറിയും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്‍ഡോര്‍ ഏകദിനത്തില്‍ വീരേന്ദര്‍ സേവാഗിന്് ഇരട്ടസെഞ്ചുറിയും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. ഇതോടെ രണ്ടു ഇരട്ടസെഞ്ചുറികളും ഇന്ത്യാക്കാരുടേതായി. ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു.

Wednesday, 7 December 2011

പ്രിയാമണി കാര്‍ അപകടത്തില്‍

 എന്താണ്‌ സംഭവിച്ചതെന്നും ഇപ്പോഴും അറിയില്ല. എന്തോ ഒരു മിറക്കിള്‍ സംഭവിക്കുകയായിരുന്നു- തന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ച്‌ തെന്നിന്ത്യന്‍ നടി പ്രിയാമണി പറയുന്നത്‌ ഇങ്ങനെ. ശക്‌തമായ ഇടിയുടെ ആഘാതത്തിലും റോഡിലേക്ക്‌ തെറിച്ചുവീഴാതിരുന്നതാണ്‌ തനിക്ക്‌ രക്ഷയായതെന്ന്‌ പ്രിയാമണി പറയുന്നു. ഇതിനെയാണ്‌ താന്‍ മിറക്കിള്‍ എന്ന്‌ വിശേഷിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ഡിസംബര്‍ മൂന്നിന്‌ കന്നഡചിത്രമായ 'അണ്ണ ബോണ്ടി'ന്റെ ചിത്രീകരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. കര്‍ണ്ണാടകയിലെ മുതതി വനമേഖലയ്‌ക്ക്‌ സമീപമായിരുന്നു അപകടം. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ അപകടത്തില്‍ കാര്‍ തകര്‍ന്നെങ്കിലും പ്രിയയ്‌ക്ക്‌ ഒട്ടും പരിക്കേറ്റില്ല. അപകടത്തിന്‌ ശേഷം മറ്റൊരു വാഹനത്തില്‍ പ്രിയ ഷൂട്ടിംഗ്‌ സ്ഥലത്തെത്തി. വാഹനം ഇടിച്ചയുടനെ എയര്‍ബാഗ്‌ തന്റെ രക്ഷയ്‌ക്കെത്തിയതായി പ്രിയാമണി പറയുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്‍വശത്തെ ഡോര്‍ തുറന്നുപോയെങ്കിലും താന്‍ പുറത്തേക്ക്‌ തെറിച്ചുപോയില്ല. ഇതാണ്‌ രക്ഷയായത്‌. പുറത്തേക്ക്‌ വീണിരുന്നെങ്കില്‍ എന്ത്‌ സംഭവിക്കുമായിരുന്നെന്ന്‌ പറയാനാകില്ലെന്നും പ്രിയാമണി പറഞ്ഞു. ഡ്രൈവറുടെ തലയ്‌ക്കും നെഞ്ചിനും സാരമായ പരിക്കുണ്ട്‌.

കാവ്യാമാധവനെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ ഒരു മുന്‍നിര നായികനടിയുടെ നേതൃത്വത്തില്‍ ഗൂഢനീക്കം

മലയാളികളുടെ പ്രിയതാരം കാവ്യാമാധവനെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ ഒരു മുന്‍നിര നായികനടിയുടെ നേതൃത്വത്തില്‍ ഗൂഢനീക്കം നടക്കുന്നതായി സൂചന. അടുത്തിടെ പ്രചരിച്ച വിവാഹവാര്‍ത്തയെക്കുറിച്ച്‌ കാവ്യയുടെ കുടുംബവും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിയ്‌ക്കുന്ന വിവരങ്ങള്‍ ലഭിച്ചത്‌. വിവാഹമോചനം നേടിയ ശേഷം തിരിച്ചെത്തിയിട്ടും കാവ്യയുടെ ജനപ്രീതി കുറയാതിരുന്നത്‌ ചിലരെ അസ്വസ്ഥരാക്കി.
ഇവര്‍ കാവ്യയെ സിനിമാ രംഗത്ത്‌ നിന്ന്‌ പുറത്താക്കുന്നതിന്‌ ഗൂഢാലോചന നടത്തുന്നത്‌. അങ്ങനെയാണ്‌ അടുത്തിടെ മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ ലഭിയ്‌ക്കുന്ന നായിക താരം ഒരു പ്രമുഖ ന്യൂസ്‌ പോര്‍ട്ടലിനോട്‌ കാവ്യ ഉടന്‍ രണ്ടാമത്‌ വിവാഹിതയാകുമെന്ന്‌ വിവരം നല്‍കിയത്‌. സിനിമാ രംഗത്ത്‌ സജീവമായ ഒരു സാങ്കേതികപ്രവര്‍ത്തകനായിരിക്കും കാവ്യയുടെ വരന്‍ എന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കാവ്യയുടെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന്‌ വിവാഹവാര്‍ത്തയുടെ പിന്നാമ്പുറം തേടിയത്‌. ഒടുവില്‍ കാവ്യയ്‌ക്കെതിരെ പ്രചാരണം നടത്തിയ വിവാദ നടിയെ കണ്ടെത്തിയ അന്വേഷണ സംഘം ഇതേക്കുറിച്ച്‌ ആരാഞ്ഞപ്പോള്‍, തനിക്ക്‌ ലഭിച്ച വിവരം ഒരു ന്യൂസ്‌ പോര്‍ട്ടലിന്‌ നല്‍കിയ അഭിമുഖത്തില്‍ വെറുതെ സൂചിപ്പിച്ചതാണെന്നും അല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
താനുമായി നല്ല സൗഹൃദമുള്ള നടിയാണ്‌ ഈ ഗൂഢനീക്കങ്ങള്‍ക്ക്‌ പിന്നിലെന്നത്‌ കാവ്യയെ ഞെട്ടിച്ചിട്ടുണ്ട്‌. കാവ്യയ്‌ക്കെതിരെ അടുത്തകാലത്തായി പ്രചരിക്കുന്ന മറ്റ്‌ ചില ഗോസിപ്പുകള്‍ക്ക്‌ പിന്നിലും ഈ സംഘമാണെന്നാണ്‌ സൂചന. ഒരു പ്രമുഖ സംവിധായകനും ഈ സംഘത്തിലുണ്ടെന്നാണ്‌ ലഭിച്ച വിവരം. മലയാളത്തിലെ ഒരു ജനപ്രിയനായകനുമായി കാവ്യയ്‌ക്ക്‌ വഴിവിട്ട ബന്ധമുണ്ടെന്നും, ഇയാള്‍ കാരണമാണ്‌ കാവ്യയുടെ വിവാഹബന്ധം തകര്‍ന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച്‌ അഭിനയിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച്‌ ഇരുവരും അമിതമായ അടുപ്പം കാണിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ ചില ന്യൂസ്‌ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കാവ്യയെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമായാണ്‌ ഈ ഗോസിപ്പുകള്‍. കാവ്യയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ ആദ്യ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്രയെയും ഈ ഗൂഢസംഘം രംഗത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ നിശാല്‍ ചന്ദ്രയുടെ അഭിമുഖം ചാനലുകളില്‍ വന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ കാവ്യ വിസമ്മതിച്ചു. സിനിമാരംഗത്ത്‌ ഗോസിപ്പുകള്‍ ഉണ്ടാകുമെന്നും, അത്‌ കാര്യമായെടുക്കുന്നില്ലെന്നുമാണ്‌ കാവ്യയുടെ നിലപാട്‌.
വിവാഹ മോചനം നേടിയ ശേഷം മലയാള സിനിമയിലേക്ക്‌ തിരിച്ചെത്തിയ കാവ്യയ്‌ക്ക്‌ കൈനിറയെ അവസരങ്ങളായിരുന്നു. ഇതില്‍ ചൈനാടൗണ്‍, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചപ്പോള്‍ ഗദ്ദാമ, ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ നിരവധി പുരസ്‌ക്കാരങ്ങളും നിരൂപക പ്രശംസയും നേടി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വെനീസിലെ വ്യാപാരി എന്ന ചിത്രമാണ്‌ കാവ്യ അഭിനയിച്ചതില്‍ റിലീസാകാനുള്ള സിനിമ. കാവ്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്‌. ഏതായാലും വിവാഹ വാര്‍ത്ത കൊണ്ട്‌ തന്നെ തകര്‍ക്കാനാകില്ലെന്ന്‌ തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ കാവ്യ. മേല്‍വിലാസം എന്ന ചിത്രം സംവിധാനം ചെയ്‌ത മാധവ്‌ രാംദാസിന്റെ അടുത്ത ചിത്രം, സുധി അമ്പലപ്പാടിന്റെ ബ്രേക്കിംഗ്‌ ന്യൂസ്‌, അനില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയിലും കാവ്യ അഭിനയിക്കുന്നുണ്ട്‌.

Monday, 5 December 2011

പണ്ഡിറ്റിന്‌ അമ്മയില്‍ അംഗത്വം വേണം; മോഹന്‍ലാലിന്റെ ഡേറ്റും!



കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളക്കരയാകെ നിറഞ്ഞുനില്‍ക്കുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ പുതിയ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന്‌ അറിയാമോ? താരസംഘടനയായ അമ്മയില്‍ അംഗത്വം വേണം, തീര്‍ന്നില്ല, സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഡേറ്റും കൂടി കിട്ടിയാല്‍ കൊള്ളാമായിരുന്നു. അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ്‌ സംഘടനയില്‍ അംഗത്വം വേണമെന്ന്‌ പണ്ഡിറ്റ്‌ ആവശ്യപ്പെട്ടത്‌.
എന്നാല്‍ ആവശ്യം കേട്ടതല്ലാതെ ഒരു മറുപടി നല്‍കാന്‍ ബാബു തയ്യാറായില്ല. ഒടുവില്‍ ഫോണ്‍ സംസാരം അവസാനിപ്പിക്കാന്‍ നോക്കിയപ്പോള്‍ ഉടന്‍ വന്നു അടുത്ത ആവശ്യം, എങ്ങനെയെങ്കിലും മോഹന്‍ലാലിന്റെ ഡേറ്റ്‌ സംഘടിപ്പിച്ച്‌ കൊടുക്കണമത്രെ. സൂര്യ ടിവിയിലെ ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുക്കവെ, ഇടവേള ബാബു തന്നെയാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌ സന്തോഷ്‌ പണ്ഡിറ്റിന്റെ ആഗ്രഹം താന്‍ മോഹന്‍ലാലിനെ അറിയിച്ചതായും ഇടവേള ബാബു പറയുന്നു. എന്നാല്‍ ഇതിനോട്‌ മോഹന്‍ലാല്‍ എങ്ങനെ പ്രതികരിച്ചുവെന്ന്‌ വെളിപ്പെടുത്താന്‍ ബാബു തയ്യാറായില്ല. ഏതായാലും സന്തോഷ്‌ പണ്ഡിറ്റിന്‌, മോഹന്‍ലാല്‍ ഡേറ്റ്‌ നല്‍കുമോയെന്ന്‌ അറിയാന്‍ ആകാക്ഷയോടെ കാത്തിരിക്കുകയാണ്‌ ചലച്ചിത്രപ്രേമികള്‍.

ബ്യൂട്ടിഫുള്‍ മികച്ച ചിത്രം



പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങിനില്‍ക്കുന്ന മലയാള സിനിമയ്‌ക്ക്‌ പ്രത്യാശയുടെ കിരണമായി അടുത്തിടെ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രം മാറുന്നു. അനൂപ്‌ മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ജയസൂര്യയ്‌ക്കൊപ്പം അനൂപ്‌ മേനോനും മേഘ്‌ന രാജും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഴുത്തിന്‌ കീഴെ തളര്‍ന്നുപോയ സ്‌റ്റീഫന്‍ ലൂയിസ്‌(ജയസൂര്യ) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്‌ ബ്യൂട്ടിഫുളിന്റെ കഥ വികസിക്കുന്നത്‌.
സ്‌റ്റീഫനെ പരിചരിക്കുന്ന ഹോം നഴ്‌സായി മേഘ്‌നയും ഉറ്റ സുഹൃത്ത്‌ ജോണായി അനൂപ്‌ മേനോനും അഭിനയിച്ചിരിക്കുന്നു. ഇവരുടെ സൗഹൃദവും പ്രണയവും, കോടീശ്വരനായ സ്‌റ്റീഫന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ബന്ധുക്കളുടെ ശ്രമവുമെല്ലാം ചിത്രത്തെ പ്രേക്ഷകരിലേക്ക്‌ അടുപ്പിക്കുന്നു. ജയസൂര്യ, അനൂപ്‌ മേനോന്‍, മേഘ്‌ന എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വമാക്കിയിട്ടുണ്ട്‌. ടിനി ടോം, തെസ്‌നിഖാന്‍ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്‌. ചാപ്പാക്കുരിശിലൂടെ ശ്രദ്ധേയനായ ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണം അടുത്തകാലത്ത്‌ മലയാള സിനിമയില്‍ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മികവേറിയതാണ്‌. അനൂപ്‌ മേനോന്‍ രചിച്ച്‌ രതീഷ്‌ വേഗ ഈണമിട്ട മഴനീര്‍ തുള്ളികള്‍, മൂവന്തിയായി അകലെ തുടങ്ങിയ ഗാനങ്ങളും ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ശ്രദ്ധേയമാക്കുന്നു. ബ്യൂട്ടിഫുള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം മികച്ച ചിത്രമെന്നാണ്‌ വിലയിരുത്തുന്നത്‌. സമരങ്ങളും പ്രതിസന്ധികളും അതിജീവിച്ച്‌ തിയറ്ററുകളിലെത്തിയ സ്വപ്‌നസഞ്ചാരി, നായിക, ഡാം 999 തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ ബ്യൂട്ടിഫുള്‍ മലയാള സിനിമയ്‌ക്ക്‌ താല്‍ക്കാലിക ആശ്വാസമാണ്‌.

ഫേസ്‌ബുക്കിനെ സിനിമയിലെടുത്തു!



തെലുങ്കില്‍ സംഗീത സംവിധാനത്തില്‍ നിന്ന്‌ സംവിധാനത്തിലേക്ക്‌ തിരിഞ്ഞ വ്യക്‌തിയാണ്‌ ആര്‍ പി പട്‌നായിക്‌. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ബ്രോക്കര്‍, ഒരേസമയം ബോക്‌സോഫീസിലും ചലച്ചിത്രനിരൂപകര്‍ക്കിടയിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ രംഗത്തെ അതികായരായ ഫേസ്‌ബുക്ക്‌ പ്രമേയമാക്കി ഒരു ചിത്രം ഒരുക്കുകയാണ്‌ പട്‌നായിക്ക്‌. ഇതിലൂടെ യുവതലമുറയുടെ മുഖ്യ പ്രശ്‌നമായ സൈബര്‍ ക്രൈം സാധാരണക്കാര്‍ക്ക്‌ മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ്‌ ആര്‍ പി പട്‌നായിക്കിന്റെ ലക്ഷ്യം. ഫേസ്‌ബുക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലും മറ്റും വ്യാജ അക്കൗണ്ടുകള്‍ സൃഷ്‌ടിച്ച്‌ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. മല്ലാ വിജയ്‌ പ്രസാദ്‌ നിര്‍മ്മിക്കുന്ന ഫേസ്‌ബുക്കിന്റെ ചിത്രീകരണം അന്തിമഘട്ടത്തിലാണ്‌. നിശ്‌ചല്‍, ഉദയ്‌, സൂര്യ തേജ്‌, ജെമിനി സൂരേഷ്‌ അര്‍ച്ചന ശര്‍മ്മ, നിഷ ഷെട്ടി, പ്രീതി എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ കൊണ്ട്‌ നിരവധി ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന്‌ ആര്‍ പി പട്‌നായിക്‌ പറയുന്നു. ഇവ പൊതുസമൂഹത്തിന്‌ മുന്നില്‍ തുറന്നുകാട്ടുകയാണ്‌ ഫേസ്‌ബുക്ക്‌ എന്ന സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിന്റെ നായികയാകാന്‍ തൃഷ വരില്ല







പുതിയ മുഖം എന്ന ചിത്രത്തിന്‌ ശേഷം പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ ഒരുക്കുന്ന ചിത്രമാണ്‌ ഹീറോ. ഹീറോയില്‍ നായികയാകുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന തൃഷ പൊടുന്നനെ ചിത്രത്തില്‍ നിന്ന്‌ പിന്‍മാറി. തെലുങ്ക്‌, കന്നഡ ചിത്രങ്ങളിലെ തിരക്കിട്ട ഷെഡ്യൂള്‍ കാരണമാണ്‌ താന്‍ പിന്‍മാറുന്നതെന്ന്‌ തൃഷ, സംവിധായകന്‍ ദീപനെ അറിയിച്ചു. പകരം ശ്രേയ സരണ്‍ നായികയായി എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അങ്ങനെയെങ്കില്‍ പോക്കിരിരാജയ്‌ക്ക്‌ ശേഷം പൃഥ്വിരാജ്‌-ശ്രേയ കൂട്ടുകെട്ട്‌ ഒന്നിക്കുന്ന ചിത്രമായിരിക്കും ഹീറോ. തമിഴില്‍ ഏറെ ശ്രദ്ധേയയായ തൃഷ, ഹീറോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ്‌ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ തൃഷയുടെ മലയാളം അരങ്ങേറ്റത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പൃഥ്വിരാജ്‌, ശ്രേയ സരണ്‍ എന്നിവര്‍ക്ക്‌ പുറമെ നെടുമുടി വേണു, തലൈവാസല്‍ വിജയ്‌, ഗിന്നസ്‌ പക്രു, അനില്‍ മുരളി എന്നിവരും ഹീറോയില്‍ അഭിനയിക്കുന്നുണ്ട്‌. അടുത്തവര്‍ഷമാദ്യം ആയിരിക്കും ചിത്രീകരണം ആരംഭിക്കുക.

ഇന്റര്‍നെറ്റില്‍ 'വൈ ദിസ്‌ കൊലവെറി ഡി' തരംഗം


ദേശീയ അവാര്‍ഡ്‌ ജേതാവ്‌ ധനുഷ്‌ ആലപിച്ച 'വൈ ദിസ്‌ കൊലവെറി ഡി' എന്ന ഗാനം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റാകുന്നു. തമിഴും ഇംഗ്‌ളീഷും ചേര്‍ന്ന തംഗ്‌ളീഷിലുള്ള ഈ ഗാനം നവംബര്‍ 16നാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്‌ ലക്ഷകണക്കിന്‌ പേരാണ്‌ യൂട്യൂബ്‌ വഴിയും മറ്റും ഇന്റര്‍നെറ്റിലൂടെ ഈ ഗാനം ആസ്വദിക്കുന്നത്‌. ഓരോ ദിവസം കഴിയുന്തോറും ഈ ഗാനം കൂടുതല്‍ കൂടുതല്‍ ഹിറ്റാകുകയാണ്‌. ഇപ്പോള്‍ യൂട്യൂബിലും മറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലും ഒരു തരംഗമായി 'കൊലവെറി ഡി' മാറിയിരിക്കുകയാണ്‌.
ധനുഷിനെ നായകനാക്കി അദ്ദേഹത്തിന്റെ ഭാര്യ ഐശ്വര്യ രജനികാന്ത്‌ ഒരുക്കുന്ന '3' എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ ധനുഷ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌. ഒരു സ്‌റ്റുഡിയോയില്‍ സംഗീതസംവിധായകന്‍ അനിരുദ്ധ്‌, ഭാര്യ ഐശ്വര്യ, ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ധനുഷ്‌ ഈ ഗാനം ആലപിക്കുന്ന വീഡിയോയാണ്‌ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്‌. ആദ്യ 24 മണിക്കൂറിനുള്ളില്‍ 83000 പേരാണ്‌ ഈ ഗാനം യൂട്യൂബ്‌ വഴി കണ്ടത്‌. ട്വിറ്ററിലും ഈ ഗാനം സൂപ്പര്‍ഹിറ്റായി. നവംബര്‍ 21ന്‌ ട്വിറ്ററിലെ ഇന്ത്യന്‍ ട്രെന്‍ഡില്‍ ഒന്നാമതായിരുന്നു ഈ ഗാനം.
കൊലവെറി ഡി ഗാനം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌,
യോ ബോയ്‌സ്‌, ഐ ആം സിംങ്‌ സോംങ്‌,
സൂപ്പ്‌ സോംങ്‌,
ഫ്‌ളോപ്പ്‌ സോംങ്‌,
വൈ ദിസ്‌ കൊലവെറി, കൊലവെറി, കൊലവെറി ഡി,
വൈ ദിസ്‌ കൊലവെറി, കൊലവെറി, കൊലവെറി ഡി.
റിഥം കറക്‌ട്‌,
വൈ ദിസ്‌ കൊലവെറി, കൊലവെറി, കൊലവെറി ഡി,
മെയിന്റയിന്‍ ദിസ്‌,
വൈ ദിസ്‌ കൊലവെറി, കൊലവെറി, കൊലവെറി ഡി

സന്തോഷ്‌ പണ്ഡിറ്റിന്‌ ഇത്രയും ആരാധികമാരോ?



കഴിഞ്ഞദിവസം സന്തോഷ്‌ പണ്ഡിറ്റിന്റെ ഒരു അഭിമുഖം കണ്ടപ്പോള്‍ മൂക്കത്ത്‌ വിരല്‍വെച്ചുപോയി. അതില്‍ ആ വിദ്വാന്‍ പറഞ്ഞത്‌ എന്തൊക്കെയാണെന്നോ, പ്രണയാഭ്യര്‍ത്ഥനയുമായി ധാരാളം പെണ്‍കുട്ടികള്‍ വിളിക്കാറുണ്ടത്രെ. എന്നാല്‍ അതിലൊന്നും വീഴാന്‍ തന്നെ കിട്ടില്ലെന്നാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്‌. 'നമ്മള്‍ ഒന്നിനോട്‌ ഒട്ടിക്കഴിഞ്ഞാല്‍ കാര്യം പോക്കാണ്‌. ദിവസവും കൃത്യസമയം വെച്ച്‌ വിളിക്കുന്ന ആരാധികമാരോട്‌ പോലും ഞാന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളു-ഇങ്ങനെ പോകുന്നു പണ്ഡിറ്റിന്റെ നിലപാട്‌.
ഇക്കാര്യത്തില്‍ അമ്മയുടെ വാക്കുകളാണത്രേ തുണയായി മാറിയതെന്നും സന്തോഷ്‌ വെച്ചു കാച്ചുന്നുണ്ട്‌. 'മോനെ നെലയ്‌ക്കു നിന്നാല്‍ വെലയ്‌ക്കു പോകും. നമ്മള്‍ സ്‌ത്രീകളെ അമ്മ അല്ലെങ്കില്‍ മോളെ എന്നു മാത്രമേ വിളിക്കാവൂ എന്നാണ്‌ അമ്മ നല്‍കിയ ഉപദേശം. സംവിധായകനായ താന്‍ എന്‍ജോയ്‌ ചെയ്യാന്‍ ശ്രമിക്കാറില്‌ള. കാരണം നായികമാരുമായി ഇഴുകി ചേര്‍ന്ന്‌ അഭിനയിക്കുമ്പോള്‍ താന്‍ എന്‍ജോയ്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ കൂടെയുള്ളവരും ശ്രമിക്കും. പിന്നെ നായികമാര്‍ നമ്മെ വകവയ്‌ക്കില്ലെന്നുമാണ്‌ പണ്ഡിറ്റ്‌ പറയുന്നത്‌. എത്രയോ കുട്ടികള്‍ ഒരു ദിവസം വിളിക്കുന്നു. ഇവരുടെ പേരുകള്‍ പോലും താന്‍ ഓര്‍ക്കാറില്ല. ചില പെണ്‍കുട്ടികള്‍ പതിവായി വിളിക്കാറുണ്ട്‌. അതിലൊരു പെണ്‍കുട്ടി ഒരു ദിവസം വിളിച്ചില്ല. അടുത്ത ദിവസം വിളിച്ച്‌ താന്‍ വിളിക്കാതിരുന്നപ്പോള്‍ സന്തോഷേട്ടന്‌ എന്തു തോന്നി എന്നാണ്‌. സന്തോഷേട്ടന്‍ തിരിച്ചുവിളിക്കുമെന്നാണ്‌ കരുതിയതെന്നും ആ കുട്ടി പറഞ്ഞു. താന്‍ അതൊന്നും അത്ര കാര്യമാക്കാറില്ലെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു.

'എന്റെ ചിത്രത്തില്‍ പൃഥ്വിരാജിനെ അഭിനയിപ്പിക്കില്ല'


ചില സിനിമകളില്‍ നിന്ന്‌ പൃഥ്വിരാജിനെ ഒഴിവാക്കിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമാണ്‌. വൈശാഖിന്റെ മല്ലുസിംഗ്‌, റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബയ്‌ പൊലീസ്‌ എന്നീ ചിത്രങ്ങളില്‍ നിന്നാണ്‌ പൃഥ്വിരാജിനെ ഒഴിവാക്കിയത്‌. പൃഥ്വിയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞതിനാലാണ്‌ ഒഴിവാക്കലെന്ന്‌ ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ കൈനിറയെ ചിത്രങ്ങളുള്ളതിനാല്‍ പൃഥ്വി സ്വയം ഒഴിവാകുകയാണെന്നാണ്‌ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്‌.
തന്റെ ചിത്രത്തില്‍ നിന്ന്‌ പൃഥ്വിയെ ഒഴിവാക്കിയത്‌ എന്തുകൊണ്ടാണെന്ന്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ തന്നെ പറയുന്നത്‌ കേള്‍ക്കാം- എനിക്ക്‌ ഡേറ്റ്‌ നല്‍കിയിട്ട്‌, മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന നടനെ എന്റെ സിനിമയില്‍ വേണ്ട. ഒരു സിനമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. മുംബയ്‌ പൊലീസ്‌ ചിത്രീകരിക്കാന്‍ 60 ദിവസം വേണം. ഇക്കാര്യം ആദ്യമേ പൃഥ്വിയോട്‌ പറഞ്ഞതും അദ്ദേഹം സമ്മതിച്ചതുമാണ്‌. എന്നാല്‍ പിന്നീട്‌ ഇതിനിടയ്‌ക്ക്‌ മറ്റ്‌ സിനിമ ചെയ്യാന്‍ ഡേറ്റ്‌ മാറ്റണമെന്ന്‌ പറഞ്ഞുവന്നാല്‍ എന്തുചെയ്യും?- റോഷന്‍ ആന്‍ഡ്രൂസ്‌ ചോദിക്കുന്നു. തിരക്കുകള്‍ എല്ലാവര്‍ക്കുമുണ്ട്‌. എന്നാല്‍ ഒരു സിനിമ കരാര്‍ ചെയ്‌താല്‍ പൂര്‍ത്തിയാക്കുന്നതുവരെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെ മാത്രമെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കുവെന്നും റോഷന്‍ ആന്‍ഡ്രൂസ്‌ പറയുന്നു. നേരത്തെ ഡോക്‌ടര്‍ ലൗ എന്ന സിനിമയില്‍ നിന്ന്‌ പൃഥ്വിരാജ്‌ പിന്‍മാറിയതിനെതിരെ സംവിധായകന്‍ ബിജു രംഗത്തുവന്നിരുന്നു.

Saturday, 3 December 2011

Manaz Mathew's photography in kerala & sharja


കത്തോലിക്കാ ദൈവാലയങ്ങളില്‍ ഇന്ന് മുല്ലപ്പെരിയാര്‍ ദിനം


കെ.സി.ബി.സിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും ഞായറാഴ്ച മുല്ലപ്പെരിയാര്‍ ദിനമായി ആചരിക്കും. മുല്ലപ്പെരിയാര്‍ ദിനാചരണത്തിന്റെ ഭാഗമായി ദൈവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തും.

മതബോധനവിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരികള്‍ തെളിച്ചും പ്രതിജ്ഞ ചൊല്ലിയും മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ്. കത്തോലിക്കാസഭയിലെ സാമൂഹിക പ്രവര്‍ത്തനവിഭാഗങ്ങളും സംഘടനകളും മുല്ലപ്പെരിയാര്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രതീകാത്മകമായി മറ്റു പരിപാടികളും സംഘടിപ്പിക്കും.


കെ.സി.ബി.സി.യുടെ ആഹ്വാനമനുസരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. ഉപ്പുതറയില്‍നിന്ന് ആരംഭിക്കുന്ന സമര അഭിവാദന റാലി ചപ്പാത്ത് സമരപ്പന്തലില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം രൂപതാ മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. തിങ്കളാഴ്ച ചപ്പാത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ബസേലിയൂസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ സംസാരിക്കും.

മുല്ലപ്പെരിയാര്‍: തിങ്കളാഴ്ച ഡല്‍ഹിയിലെ ചര്‍ച്ച തമിഴ്‌നാട് ബഹിഷ്‌കരിക്കും


മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചിട്ടുള്ള അനൗപചാരിക ചര്‍ച്ചയില്‍ തമിഴ്‌നാട് പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് സംസ്ഥാന ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥതല ചര്‍ച്ചയെക്കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ടെലിഫോണിലാണ് തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറിയുടെ ഓഫീസിലേക്ക് സന്ദേശം വന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് സന്ദേശത്തില്‍ വ്യക്തമായിരുന്നില്ലെന്നും ചര്‍ച്ചയുടെ സ്വഭാവത്തെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്നും തമിഴ്‌നാട് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

തങ്ങള്‍ക്കനുകൂലമായി നിലപാടെടുക്കുന്നതിന് കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചതെന്നറിയുന്നു. മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്‌നാടിന്റെ പ്രതിനിധിയായി പൊതുമരാമത്ത് സെക്രട്ടറി സായ്കുമാര്‍ ഡല്‍ഹിക്ക് പോകുമെന്നായിരുന്നു തമിഴ്‌നാട് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന നിര്‍ദേശം ഭരണകൂടത്തിന്റെ തലപ്പത്തുനിന്ന് ശനിയാഴ്ച സായ്കുമാറിന് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.


ചര്‍ച്ചയില്‍ തമിഴ്‌നാട് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്ന് വ്യക്തമാക്കുന്ന ഒരേയൊരു വാക്യമാണ് ശനിയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. കേരളവുമായി ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടാണ് തമിഴ്‌നാട്ടില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. ശനിയാഴ്ച തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്ത് സംസ്ഥാന ഗവര്‍ണര്‍ കെ.റോസയ്യയെ കണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിവേദനം നല്‍കിയിരുന്നു. അതുകഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ട വിജയകാന്ത് പറഞ്ഞത്, ചര്‍ച്ചകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും 2006-ലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നുമാണ്.


2006-ലെ സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേരളവുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിനോടാണ് ജയലളിത സര്‍ക്കാറിനും ആഭിമുഖ്യം എന്നാണ് സൂചന. സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ട് മതി ചര്‍ച്ചയെന്ന നിയമോപദേശമാണ് തമിഴ്‌നാടിന് കിട്ടിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അനൗപചാരിക ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും തമിഴ്‌നാട് പറയുന്നു. ഈ പശ്ചാത്തലത്തില്‍ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയുടെ കാര്യത്തിലും അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്.

തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു


കോളേജിലെ മാനസികപീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി 16 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. മംഗലാപുത്തെ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥിനിയും തിരുവല്ല പൊടിയാടി കോട്ടാത്തിപറമ്പില്‍ ശാരദാലയത്തില്‍ ദേവദാസിന്റെ മകളുമായ ശ്രുതിദാസാണ്(17) കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

മംഗലാപുരത്തെ ന്യൂ മാംഗ്ലൂര്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ബി.എസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ശ്രുതി നവംബര്‍ 17 നാണ് തിരുവല്ലയിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നഴ്‌സിങ് കോളേജിലെ ട്യൂട്ടറും വാര്‍ഡനുംചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും മാനസികരോഗിയെന്നു മുദ്രകുത്തുകയും ചെയ്തതില്‍ മനംനൊന്തായിരുന്നു ശ്രുതി ആത്മഹത്യക്ക് ശ്രമിച്ചത്. എഴുപതുശതമാനത്തോളം പൊള്ളലേറ്റാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.


പൊള്ളലേറ്റ ശ്രുതിക്ക് അണുബാധയും ഉണ്ടായിരുന്നു. സംസാരശേഷിയും നഷ്ടമായി. വെള്ളം പോലും കുടിക്കാന്‍ പറ്റാതെ മൂന്നുദിവസമായി പൂര്‍ണ അവശതയിലായിരുന്നു.


നിര്‍ധന കുടുംബത്തിലെ അംഗമായ ശ്രുതി ബാങ്ക് വായ്പയെടുത്താണ് പഠനത്തിനുചേര്‍ന്നത്.


സിന്ധുവാണ് ശ്രുതിയുടെ അമ്മ. സഹോദരന്‍: ശ്രീജിത്ത് (തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്. പത്താംക്ലാസ് വിദ്യാര്‍ഥി). ശ്രുതിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് തിരുവല്ലയിലെ വീട്ടില്‍ എത്തിച്ചു. വൈകീട്ട് പിതൃസഹോദരന്റെ വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടന്നു.

അന്ന്‌ ജഗതി മദ്യപിച്ചിരുന്നു, രഞ്‌ജിനി


ഏഷ്യാനെറ്റിലെ മഞ്ച്‌ സ്‌റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ്‌ ഫിനാലെ വേദിയില്‍ ടിവി അവതാരകര ഞ്‌ജിനി     നടന്‍ ജഗതി ശ്രീകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചത്‌ മലയാളികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതേത്തുടര്‍ന്ന്‌ ജഗതിയെ വിമര്‍ശിച്ച്‌ ഡെക്കാന്‍ ക്രോണിക്കിളില്‍ രഞ്‌ജിനി എഴുതിയ ലേഖനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംഭവം മലയാളികള്‍ മറന്നുതുടങ്ങിയപ്പോള്‍ ജഗതിയ്‌ക്കെതിരെ രഞ്‌ജിനി വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
അന്ന്‌ മൂക്കറ്റം മദ്യപിച്ചിട്ടാണ്‌  തന്നെ ആക്ഷേപിച്ചത്‌ എന്നാണ്‌ രഞ്‌ജിനി ഹരിദാസ്‌ ഇപ്പോള്‍ പറയുന്നത്‌. ഒരു പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ രഞ്‌ജിനി ഇങ്ങനെ പറയുന്നത്‌. വ്യക്‌തിപരമായാണ്‌ അദ്ദേഹം തന്നെ ആക്ഷേപിച്ചത്‌. അദ്ദേഹത്തെപ്പോലെ പൈസയ്‌ക്ക്‌ വേണ്ടി ജോലി ചെയ്യുന്നയാളാണ്‌ താനും. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തോട്‌ ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അന്ന്‌ മദ്യപിച്ച്‌ വന്ന്‌ പറയാന്‍ പാടില്ലാത്തതായിരുന്നു അദ്ദേഹം പറഞ്ഞതെന്നും രഞ്‌ജിനി പറയുന്നു.
പ്രേക്ഷകരുടെ നല്ല വിമര്‍ശനങ്ങള്‍ താന്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും രഞ്‌ജിനി ഹരിദാസ്‌ പറഞ്ഞു. തുടക്കത്തില്‍ തന്റെ സംസാരം തനി മംഗ്‌ളീഷായിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ വളരെയേറെ മാറിയിട്ടുണ്ട്‌. ആരെയും അനുകരിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല. കഴിഞ്ഞ ഐഡിയ സ്‌റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍ ഗൗണ്‍ അണിഞ്ഞെത്തിയത്‌ കുറെ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം വസ്‌ത്രധാരണത്തിലും കുറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. നല്ല ഉദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങള്‍ താന്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും രഞ്‌ജിനി  പറഞ്ഞു. പൂര്‍ണമായും തന്നെ മനസിലാക്കുന്നയാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളുവെന്നും രഞ്‌ജിനി അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സ്വഭാവം മറ്റൊരാള്‍ക്ക്‌ വേണ്ടി കോംപ്രമൈസ്‌ ചെയ്യാന്‍ ഇഷ്‌ടമില്ല. അതുകൊണ്ടുതന്നെ തന്റെ രീതികളുമായി പൊരുത്തപ്പെടുന്നയാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളുവെന്നും രഞ്‌ജിനി  വ്യക്‌തമാക്കുന്നു. തന്നെ സ്‌നേഹിക്കുന്നയാള്‍ക്ക്‌ തന്റെ പെറ്റ്‌ ഡോഗിനെയും സ്‌നേഹിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ idea star singer വേദിയിലാണ്‌ രഞ്‌ജിനിയെ ജഗതി രൂക്ഷമായി വിമര്‍ശിച്ചത്‌. അവതാരക പലപ്പോഴും വിധികര്‍ത്താവ്‌ ചമയുന്നുണ്ടെന്നായിരുന്നു അന്ന്‌ ജഗതി പറഞ്ഞത്‌. രഞ്‌ജിനിയുടെ ഭാഷാപ്രയോഗങ്ങളും ആക്ഷനുകളും അനുകരിച്ച്‌ കാട്ടിയ ജഗതി, രഞ്‌ജിനിയെ ശരിക്കും കളിയാക്കി. അതോടൊപ്പം ഐഡിയ സ്‌റ്റാര്‍ സിംഗര്‍ വിധികര്‍ത്താക്കളെയും ജഗതി വിമര്‍ശിച്ചിരുന്നു. എല്ലാം കേട്ട്‌ നിസാഹയയായി നിന്ന രഞ്‌ജിനി ഒടുവില്‍ മൈക്ക്‌ വാങ്ങി, ഇത്‌ രഞ്‌ജിനി ദിനമായി പ്രഖ്യാപിക്കാമെന്നും താനിത്‌ ചോദിച്ചുവാങ്ങിയതാണെന്നുമാണ്‌ പ്രതികരിച്ചത്‌. തന്നെ വിമര്‍ശിച്ച്‌ ആളാകാന്‍ നോക്കുകയായിരുന്നു ജഗതി എന്നാണ്‌ ഡെക്കാണ്‍ ക്രോണിക്കിളിലെ ലേഖനത്തിലൂടെ രഞ്‌ജിനി തിരിച്ചടിച്ചത്‌. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തുകൊണ്ട്‌ പൊതുജനങ്ങളുടെ മുന്നില്‍ ഒരു സ്‌ത്രീയായ തന്നെ അപമാനിക്കുകയായിരുന്നു ജഗതിയെന്നും ലേഖനത്തിലൂടെ രഞ്‌ജിനി പറഞ്ഞിരുന്നു.

മോഹന്‍ലാലിന് എതിരെ പൃഥ്വിരാജിന്റെ ഒളിയമ്പ്‌


അടുത്തിടെ ചില ചിത്രങ്ങളില്‍ നിന്ന്‌ പൃഥ്വിരാജ്‌ ഒഴിവാക്കപ്പെട്ടതിനെ ചൊല്ലിയുള്ള വിവാദം മലയാളം സിനിമയില്‍ കത്തിപ്പടരുകയാണ്‌. വീരപുത്രന്‍, മല്ലൂസിംഗ്‌, മുംബയ്‌ പൊലീസ്‌ എന്നീ ചിത്രങ്ങളില്‍ നിന്നാണ്‌ പൃഥ്വിരാജ്‌ ഒഴിവാക്കപ്പെട്ടത്‌. തിരക്കുള്ള പൃഥ്വിരാജിനെ തന്റെ ചിത്രത്തില്‍ ആവശ്യമില്ലെന്നാണ്‌ മുംബയ്‌ പൊലീസിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞത്‌. എന്നാല്‍ തന്നെ ആരും ഒഴിവാക്കിയതല്ല, സ്വയം പിന്‍മാറിയതാണെന്നാണ്‌ പൃഥ്വിരാജ്‌ പറയുന്നത്‌.
തന്നെയുമല്ല, മോഹന്‍ലാലിനെ നായകനാക്കി എടുത്ത കാസനോവ നീണ്ടുപോയതിനാലാണ്‌ മുംബയ്‌ പൊലീസും നീണ്ടത്‌. ഇത്‌ തന്റെ കുറ്റമല്ലെന്നും പൃഥ്വിരാജ്‌ പറഞ്ഞു. ഇക്കഴിഞ്ഞ ഓണത്തിന്‌ പ്രദര്‍ശനത്തിനെത്തുമെന്ന്‌ പ്രഖ്യാപിച്ച കാസനോവയുടെ ചിത്രീകരണം അവസാനിച്ചത്‌ അടുത്തിടെയാണ്‌. ജൂലൈ-ഓഗസ്‌റ്റ്‌ മാസങ്ങളില്‍ മുംബയ്‌ പൊലീസ്‌ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ പറഞ്ഞിരുന്നതെന്നും പൃഥ്വിരാജ്‌ പറഞ്ഞു. ഇതോടെ റോഷന്‍ ആന്‍ഡ്രൂസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ പൃഥ്വിരാജ്‌ മറുപടി നല്‍കിയിരിക്കുകയാണ്‌.
അതേസമയം റോഷന്‍ ആന്‍ഡ്രൂസിനു നേരെയുള്ള പൃഥ്വിരാജിന്റെ ആരോപണത്തിന്റെ കൂരമ്പ്‌ ഏല്‍ക്കുന്നത്‌ മോഹന്‍ലാലിനാണെന്ന്‌ മാത്രം. ഓണത്തിന്‌ റിലീസ്‌ ചെയ്യേണ്ട കാസനോവ നീണ്ടുപോകാന്‍ കാരണം മോഹന്‍ലാലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കാസനോവയുടെ ചിത്രീകരണം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ സുഹൃത്തായ പ്രിയദര്‍ശന്റെ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ പോയതാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്‌. ഇതോടെ റോഷന്‌ പ്രതീക്ഷിച്ച സമയത്ത്‌ കാസനോവ പൂര്‍ത്തിയാക്കാനും മുംബയ്‌ പൊലീസ്‌ ആരംഭിക്കാനും സാധിച്ചില്ല. നേരത്തെ നല്‍കിയ ഡേറ്റ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ റോഷന്‍ ആന്‍ഡ്രൂസ്‌ പൃഥ്വിരാജിനെ സമീപിച്ചു. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ പൃഥ്വി ഇതിന്‌ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ തിരക്കുള്ള പൃഥ്വിരാജിനെ തന്റെ ചിത്രത്തിലേക്ക്‌ ആവശ്യമില്ലെന്ന പ്രസ്‌താവനയുമായി റോഷന്‍ ആന്‍ഡ്രൂസ്‌ രംഗത്തെത്തിയത്‌. എന്നാല്‍ തിരക്കിന്റെ പേരില്‍ ഉത്തരവാദിത്വം കാട്ടാത്തത്‌ താനല്ലെന്നും മറിച്ച്‌ മോഹന്‍ലാലാണെന്നുമാണ്‌ പൃഥ്വിരാജിന്റെ മറുപടിയില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ്‌ ഇപ്പോള്‍ സിനിമാലോകത്തെ സംസാരം.

ദുബായ്‌ വിമാനത്താവളത്തില്‍ സലീംകുമാര്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; വിമാനത്തില്‍ നിന്ന്‌ പുറത്താക്കി




ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജേതാവ്‌ സലീംകുമാര്‍ വിമാനത്തിനുള്ളില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി. ഇതേത്തുടര്‍ന്ന്‌ സലീംകുമാറിനെ വിമാനത്തില്‍ നിന്ന്‌ പുറത്താക്കി. ദുബായ്‌ വിമാനത്താവളത്തില്‍ വെച്ചാണ്‌ സംഭവം. ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ഏറ്റുവാങ്ങാനായി കോഴിക്കോട്ടേയ്‌ക്ക്‌ വരാനാണ്‌ സലീംകുമാര്‍ വിമാനത്താവളത്തില്‍ എത്തിയത്‌. എന്നാല്‍ മദ്യലഹരിയിലായിരുന്ന സലിംകുമാര്‍ വിമാനത്തിനുള്ളില്‍ ബഹളം വെയ്‌ക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാര്‍ രണ്ടുതവണ സലീംകുമാറിനെ താക്കീത്‌ ചെയ്‌തെങ്കിലും അദ്ദേഹം ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്ന്‌ സലീംകുമാറിനെ പുറത്താക്കിയത്‌. പിന്നീട്‌ മറ്റൊരു വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ സലീംകുമാര്‍ റോഡ്‌ മാര്‍ഗമാണ്‌ കോഴിക്കോട്ടേക്ക്‌ തിരിച്ചത്‌. സംഭവത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ സലീംകുമാര്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്‌. ഇതിനിടെ വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങിയ സ്‌പോണ്‍സര്‍മാരെ പിന്തിരിപ്പിച്ചതും സലീംകുമാറാണ്‌. സംഭവം ഗള്‍ഫിലെ ചില മലയാള മാധ്യമപ്രവര്‍ത്തകര്‍ മണത്തറിഞ്ഞെങ്കിലും സലീംകുമാറിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട്‌ വാര്‍ത്തയാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചില ന്യൂസ്‌ പോര്‍ട്ടലുകളില്‍ വാര്‍ത്തയായതോടെ സംഗതി വിവാദമായിരിക്കുകയാണ്‌.

Friday, 2 December 2011

മുല്ലപ്പെരിയാര്‍: ശൂലം നാവില്‍ കുത്തി പ്രതിഷേധിക്കും

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ ഡിസംബര്‍ 20ന് കെ.എസ്.സി. സംസ്ഥാന പ്രസിഡണ്ട് ശരത് മോഹന്‍ പാര്‍ലമെന്റിന് മുന്നില്‍ നാവില്‍ ശൂലം കുത്തും. പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണവും നടത്തും.പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കളായ ശരത് മോഹന്‍,പ്രൊഫ.പ്രകാശ് കുര്യാക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എ.ജിയെ നീക്കിയില്ലെങ്കില്‍ സര്‍വകക്ഷിയോഗത്തില്‍ സഹകരിക്കില്ല: വി.എസ്‌


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അഡ്വക്കേറ്റ് ജനറലിനെ പുറത്താക്കിയില്ലെങ്കില്‍ ആറാം തീയതി വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി.

കേരളം ഒറ്റക്കെട്ടായി ഒരു ജീവന്‍മരണ പ്രശ്‌നത്തില്‍ സമരരംഗത്തിറങ്ങിയ സാഹചര്യത്തില്‍ പെട്ടെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തികച്ചും വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് നടുക്കമുളവാക്കുന്നതാണ്. അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നല്‍കിയ സത്യവാങ്മൂലം കേരളത്തിന്റെ കേസ് പൂര്‍ണമായും അട്ടിമറിക്കുന്നതും കേരള ജനതയുടെ വികാരത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍, ഡിസംബര്‍ ആറിന് സര്‍വകക്ഷിയോഗവും ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുകൂട്ടുന്നതിന്റെ പ്രസക്തിയെന്താണ്? വി.എസ്. ചോദിച്ചു.


ഡാം പൊട്ടിയാല്‍ 13 ടി.എം.സി വെള്ളമാണ് ഒലിച്ചിറങ്ങുക. ഇത് ഒരു സുനാമിയുടെ ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയമകാര്യങ്ങളെക്കുറിച്ച് പറയാനേ എ.ജിക്ക് അവകാശമുള്ളൂ. എന്‍ജിനീയറിങ്ങിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. എ.ജിയുടെ ഭാര്യ നടത്തുന്ന അഭിഭാഷക സ്ഥാപനമാണ് തമിഴ്‌നാടിനുവേണ്ടി മുല്ലപ്പെരിയാര്‍ കേസ് വാദിക്കുന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം തനിക്ക് അറിയില്ലെന്നാണ് എ.ജി പറയുന്നത്. 35 ലക്ഷം ജനങ്ങളുടെ പ്രാണന്‍ അറബിക്കടലില്‍ ചെന്നടിയുംവിധം രൂക്ഷമായ ഒരു സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ എ.ജി. ഇങ്ങനെയൊരു സത്യവാങ്മൂലം നല്‍കിയതിനുപിന്നില്‍ മറ്റ് ചില താത്പര്യങ്ങളുമുണ്ട്. ഇടുക്കിയിലും മറ്റും ചിലര്‍ക്ക് തോട്ടങ്ങളുണ്ടെന്നാരോപണമുണ്ട്. വക്കീല്‍ ഫീസിനു പകരം ചില മന്ത്രിമുഖ്യര്‍ തോട്ടങ്ങള്‍ വക്കീലിന് നല്‍കുന്നുണ്ടോയെന്നും അന്വേഷിക്കണം - വി.എസ്. പറഞ്ഞു. എ.ജിയുടെ നിലപാടിന് യോജിക്കുംവിധം റവന്യൂ മന്ത്രി നടത്തിയ പ്രസ്താവന തന്നെ അമ്പരപ്പിക്കുന്നുവെന്നും വി.എസ് വ്യക്തമാക്കി.

സൈബര്‍ ലോകത്ത് മുല്ലപ്പെരിയാര്‍ നിറയുന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമോ? തകര്‍ന്നാല്‍ എന്തു സംഭവിക്കും? സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലും ബ്ലോഗുകളിലും അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതാണ്. അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഗ്രാഫിക്‌സുകളും മറ്റുമായാണ് പല ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ചര്‍ച്ചകള്‍ നടക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏകോപിപ്പിച്ച് ആശയ ഐക്യത്തിനായി പ്രത്യേക സൈറ്റുകളും തുടങ്ങിയിട്ടുണ്ട്. {{{.opyyvnd£hnama.cvu എന്ന വെബ്‌സൈറ്റാണ് കൂട്ടത്തിലൊന്ന്.

കമന്റുകളില്‍, ഇടുക്കിയില്‍ നിന്നുള്ളവരുടെ സാന്നിധ്യം കൂടുതലാണെന്നതാണ് മറ്റൊരു പ്രത്യേകത. മുല്ലപ്പൂ വിപ്ലവത്തിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രാധാന്യം ലോകത്തിന് വ്യക്തമായിരുന്നു. ഈ സാധ്യത മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ കാര്യത്തിലും പ്രയോജനപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ.


തമിഴ്‌നാട് സര്‍ക്കാരിന്റെ പിടിവാശിയും ചിന്താശൂന്യമായ പ്രസ്താവനകളും ഏറെ വിമര്‍ശിക്കപ്പെടുന്നു. ഇതോടൊപ്പം, മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്ട് 50 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത് എന്നതുപോലുള്ള ഗൗരവമായ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ട്. 116 വര്‍ഷം പിന്നിട്ടിട്ടും നിലനില്‍ക്കുന്ന അണക്കെട്ട് ഇന്നത്തെ എന്‍ജിനീയര്‍മാരാണ് നിര്‍മിച്ചതെങ്കില്‍ പണ്ടേ തകരുമായിരുന്നുവെന്ന ആശങ്കകള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന അണക്കെട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയവയും ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പങ്കുവയ്ക്കുകയും അണക്കെട്ട് തകര്‍ന്നാല്‍ നാളത്തെ പത്രങ്ങളുടെ തലക്കെട്ട് എന്തായിരിക്കും എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ കാത്തിരിക്കാതെ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനമാണ് കൂടുതല്‍ പേരും പങ്കുവയ്ക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച പഠനങ്ങളുടെ രേഖകള്‍ നിരത്തിയുള്ള ബ്ലോഗുകളും സജീവമാണ്.