മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനു അനുമതി
തേടിയും പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍
അഭ്യര്‍ഥിക്കാനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച
പ്രധാനമന്ത്രിയെ കാണും. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ
സ്ഥിതിഗതികളും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന്
മുഖ്യമന്ത്രി കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായുംചര്‍ച്ച
നടത്തും.
ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായപരിഹാരം കാണാന്‍ കഴിയുമെന്ന്
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ചര്‍ച്ചയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടി
പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക്് കത്തെഴുതുകയും
ചെയ്തു.
പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ ജയലളിത കഴിഞ്ഞ
ദിവസം അയച്ച കത്തിനുള്ള മറുപടിയില്‍, പ്രശ്‌നം പരിഹരിക്കുന്നതിന്
ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടണമെന്ന് ജലവിഭവ
മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍
വിഷയം സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ മുന്നിലാണെന്ന്
വ്യക്തമാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെയിടയില്‍ ഭീതി
പരത്തുന്ന ഒരു നടപടിയും ഉണ്ടാകരുത്. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന്
പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു-അദ്ദേഹം പറഞ്ഞു.
* നേരത്തേ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍
ചര്‍ച്ചയെന്നായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തുനിന്നുള്ള
മന്ത്രിമാര്‍ക്ക് നല്‍കിയ സൂചന. ഉദ്യോഗസ്ഥതല ചര്‍ച്ച അതിനു
മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
* ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ് 120 അടിയിലേക്ക്
കുറയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത്. ജലനിരപ്പ് കുറയ്ക്കുന്നത്
തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ യാതൊരു കാരണവശാലും ബാധിക്കില്ലെന്നും
കത്തില്‍ വിശദീകരണം.
* വ്യാഴാഴ്ച രാത്രി തന്നെ ഉമ്മന്‍ചാണ്ടിക്ക് ജയലളിതയുടെ മറുപടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കുഴപ്പമൊന്നുമില്ലെന്നും പുതിയ ഡാം പണിയേണ്ട
ആവശ്യമില്ലെന്നും ജയലളിത.
* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട്
കേരളത്തിലെ നേതാക്കളും ഉദ്യോഗസ്ഥരും നടത്തുന്ന പരസ്യപ്രസ്താവന
വിലക്കണമെന്ന് സുപ്രീംകോടതിയില്‍ തമിഴ്‌നാടിന്റെ അപേക്ഷ.
* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേരള
സര്‍ക്കാറിന് അനുമതി നല്‍കാനും നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 120
അടിയായി കുറയ്ക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത്.
* പാര്‍ലമെന്റില്‍ വ്യാഴാഴ്ചയും കേരള എം.പി.മാരുടെ പ്രതിഷേധം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ സ്ഥിതിഗതി നേരിട്ടു വിലയിരുത്താന്‍
കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയയ്ക്കണമെന്ന് സഭാധ്യക്ഷന്മാരോട്
ആവശ്യപ്പെടും.
* പ്രശ്‌നത്തില്‍ ഇടപെട്ട് രമ്യമായ പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ച്
സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജയുടെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടി
എം.പി.മാര്‍ പ്രധാനമന്ത്രിയെ കണ്ടു.
* മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വെള്ളിയാഴ്ച രാവിലെ
11-ന് തിരുവനന്തപുരത്ത് . ഡാമിന് കീഴെ നീരൊഴുക്കുള്ള ഭാഗത്തെ
ജലവിതാനത്തിലുണ്ടാവുന്ന മാറ്റം നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ സെന്‍സര്‍
സ്ഥാപിക്കും.
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്‍റെ ഗ്യാലറിയിലെ ചോര്‍ച്ച ക്രമാതീതമായി വര്‍ധിച്ചതായി
ബോധ്യപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രശ്നത്തില്‍ അടിയന്തരമായി കേന്ദ്രം ഇടപെടണം.സന്ദര്‍ശനത്തിന്‍റെ
വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും
അദ്ദേഹം പറഞ്ഞു.
മിനിറ്റുകളുടെ
വ്യത്യാസത്തില്‍ തേക്കടിയിലെത്തിയ ഇരുവരും വേവേറെ സംഘങ്ങളായാണ്
സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. ഇപ്പോള്‍ ഡാമിലെത്തിയ ഇരുസംഘങ്ങളും ഇവിടെ
വച്ചുപോലും ഒന്നിച്ചിട്ടില്ല. രണ്ടുസംഘങ്ങളായി വേര്‍തിരിഞ്ഞാണ് സന്ദര്‍ശനം.
ഇരു മുന്നണികളിലേയും ഘടകകക്ഷി നേതാക്കളും സംഘത്തിലുണ്ട്.
മുല്ലപ്പെരിയാര്‍
വിഷയത്തില്‍ ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് കെ.പി.സി.സി.
പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മുല്ലപ്പെരിയാര്‍ സന്ദര്‍ശനം രണ്ടായി
പോയെങ്കിലും എല്‍. ഡി എഫിന്‍റെയും കെ. പി സി സി യുടെയും നിലപാടുകള്‍
ഒന്നുതന്നെയാണെന്ന് എല്‍.ഡി. എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
മുല്ലപ്പെരിയാറിലെ
പുതിയ ഡാമിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം. പൊളിറ്റ്
ബ്യൂറോയുടെ പ്രസ്താവന. പ്രശ്നം ഇരുസംസ്ഥാനങ്ങളും രമ്യമായി
പരിഹരിക്കണമെന്നും സുപ്രീം കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും പി.ബി.
ആവശ്യപ്പെട്ടു. കോടതിവിധിയുണ്ടാകുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമായി
നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന്
ആവശ്യപ്പെടുന്നുവെങ്കിലും പുതിയ ഡാമിനെക്കുറിച്ച് പരാമര്‍ശമില്ല
മുല്ലപ്പെരിയാര്‍
പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇച്ഛാശക്തി കാട്ടണമെന്ന് മന്ത്രി കെ.എം.മാണി.
തമിഴ്നാടിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പ്രധാനമന്ത്രി അതു പറയണം.
സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് ഒന്നിനും പരിഹാരമുണ്ടാകില്ല.
പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് വേഗം പോര.
കേരളത്തിന്‍റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന പ്രശ്നത്തില്‍ കേരള
കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും കെ.എം.മാണി പറഞ്ഞു.
മുല്ലപ്പെരിയാര്‍
അണക്കെട്ട് തകര്‍ന്ന് ഒരു അത്യാഹിതമുണ്ടായാല്‍ എന്തു മുന്‍ കരുതലുകള്‍
സ്വീകരിക്കുമെന്നതു സംബന്ധിച്ച് വ്യക്തമായ പദ്ധതി സമര്‍പ്പിക്കാന്‍
ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. വ്യക്തമായ മുന്‍ കരുതല്‍ വേണം. ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ ഉടന്‍
സ്വീകരിക്കണം. ദുരന്തമുണ്ടായാല്‍ സ്വീകരിക്കുന്ന നടപടികളുടെ മുന്‍ഗണനാ
ക്രമം തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 136.6 അടിയായി. രാവിലെ 135.5 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ന്ന് 136.5 ആകാന്‍ കാരണം.
വൃഷ്ടി പ്രദേശത്ത് ഇന്നും ഇടയ്ക്കിടെ മഴ പെയ്യുന്നതിനെ തുടര്‍ന്ന് ഉച്ചയോടെ
135.6 അടിയാകുകയായിരുന്നു.ഇന്നലെ പകല്‍ മുഴുവന്‍ തെളിഞ്ഞ അന്തരീക്ഷമായതിനായാല്‍ ജലനിരപ്പ് 136.4
അടിയായി തുടരുകയായിരുന്നു. വൈകിട്ടോടെ പെയ്ത മഴയാണ് ജലനിരപ്പ്
ഉയര്‍ത്തിയത്.