Like Us to get updates on what the youngsters are up to. Converse with us on your hopes and dreams. Let us know your likes and dislikes. In short have a gala time.
Thursday, 1 December 2011
മുല്ലപ്പെരിയാര്‍: മേഖലയില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
മുല്ലപ്പെരിയര്‍ മേഖലയില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അല്‍പസമയത്തിനകം പ്രദേശത്ത് മോക് ഡ്രില്‍ നടത്തും. പൊലീസും ജില്ലാ ഭരണകൂടവും ഏത് സാഹചര്യവും നേരിടാന്‍ സുസജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ സര്‍ക്കാര്‍ സ്വീകരിച്ച സുരക്ഷാ നടപടികള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിശദീകരണം.
കുമാരനല്ലൂര്‍ ഉത്സവത്തിന് കൊടിയേറി
കുമാരനല്ലൂര്‍: ദേവീക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ച വൈകീട്ട്‌കൊടിയേറി. 'അമ്മേ ദേവീമഹാമായേ' മന്ത്രം ഉരുവിട്ട് മതില്‍ക്കകം നിറഞ്ഞുനിന്ന ഭക്തരുടെ സാന്നിധ്യത്തില്‍ തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. കടിയക്കോല്‍ ദാമോദരന്‍ നമ്പൂതിരി സഹകാര്‍മ്മികനായി. പഞ്ചവാദ്യമേളത്തിന്റെ അകമ്പടിയോടെ ഉത്സവം കൊടിയേറിയപ്പോള്‍ മനം നിറയെ പ്രാര്‍ത്ഥനയോടെ പുരുഷാരം തൊഴുകൈ ഉയര്‍ത്തി.
കൊടിയേറ്റിനെ തുടര്‍ന്ന് ഡി.വി.ഹൈസ്‌കൂള്‍ അങ്കണത്തിലെ കണ്‍വെന്‍ഷന്‍ പന്തലില്‍ ചേര്‍ന്ന സാംസ്‌കാരികസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സണ്ണികല്ലൂരിന്റെ അധ്യക്ഷതയില്‍ ഡോ. കദ്രിഗോപാല്‍നാഥ് കലാമേള ഉദ്ഘാടനം ചെയ്തു.
സുരേഷ്‌കുറുപ്പ് എം.എല്‍.എ. പൊതു വിദ്യാഭ്യാസ വകുപ്പ് അസി. ഡയറക്ടര്‍ വി.കെ. സരളമ്മ, വിശ്വഹിന്ദുപരിഷത്ത് ദേശീയ ഉപാധ്യക്ഷന്‍ കെ.വി മദനന്‍, യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, നഗരസഭാ കൗണ്‍സിലര്‍മാരായ ഡി. ഹരിനാരായണന്‍, സെബാസ്റ്റ്യന്‍ വാളംപറമ്പില്‍, പി.ആര്‍. ശ്രീകല, ഊരാണ്‍മ ദേവസ്വം വൈസ് പ്രസിഡന്റ് കെ.എ. മുരളി, ഉത്സവകമ്മിറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നവരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം ഭരണാധികാരി എസ്. പരമേശ്വരന്‍ നമ്പൂതിരി, ഊരാണ്‍മ യോഗം പ്രസിഡന്റ് ഇ.കെ. കൃഷ്ണന്‍ നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ.എസ്. ശങ്കരന്‍ നമ്പൂതിരി, പി.ആര്‍.ഒ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. 10-ാം തിയ്യതി ആറാട്ടോടെ ഉത്സവം സമാപിക്കും. 9-ാം തിയ്യതി ആണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക ദര്‍ശനം.
പാലാ ജൂബിലി തിരുനാളിന് കൊടിയേറി
പാലാ: പ്രശസ്തമായ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ ടൗണ്‍ കപ്പേളയില്‍ കത്തീഡ്രലിന്റെയും ളാലം പഴയ പള്ളി, ളാലം പുത്തന്‍പള്ളി എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അമലോത്ഭവമാതാവിന്റെ തിരുനാളിന് തുടക്കംകുറിച്ചു നടന്ന കൊടിയേറ്റിന് കത്തീഡ്രല്‍ വികാരി ഫാ. അലക്‌സ് കോഴിക്കോട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ പ്രഭാഷണം നടത്തി.
ഡിസംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍. തിരുനാളിന്റെ ഭാഗമായി സി.വൈ.എം.എല്‍ ന്റെ നേതൃത്വത്തില്‍ നടക്കുന്ന നാടകോത്സവം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ചു.
മുല്ലപ്പെരിയാര്‍: ക്രൈസ്തവ സഭകള്‍ റാലി നടത്തും
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം തിയ്യതി വിവിധ ക്രൈസ്തവ സംഘടനകളുടെ സഹകരണത്തോടെ റാലിയും ഉപവാസപ്രാര്‍ത്ഥനായജ്ഞവും നടത്തും. രാവിലെ 9.30ന് കോട്ടയം ലൂര്‍ദ്ദ് ഫൊറോനപള്ളിയില്‍ നിന്നാരംഭിക്കുന്ന റാലി വിജയപുരം മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരി ഉദ്ഘാടനം ചെയ്യും.
ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഉപവാസപ്രാര്‍ത്ഥനായജ്ഞം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, കെ. സി. സി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, തിരുവല്ല മെത്രാപ്പോലീത്ത തോമസ് കുറിലോസ്, സി. എസ്. ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മോണ്‍. ജോസ് നവസ്, ഫാ. മാത്യു ഇളപ്പാനിക്കല്‍, ഫാ. ജോര്‍ജ്ജ് കൂടത്തില്‍, ഫാ. ജോസഫ് ആലുങ്കല്‍, ഫാ. ജോസഫ് തൈപ്പറമ്പില്‍, ജോയി മാത്യു പൂവംപുഴക്കല്‍, സീറോ മലബാര്‍ സഭയുടെ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍, കെ. സി. ബി. സി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ പങ്കെടുക്കും.
ഡോ. മാണി പുതിയിടം, ഡോ. ജോസഫ് മണക്കളം, അഡ്വ. പി. പി. ജോസഫ്, അഡ്വ. ജോജി ചിറയില്‍, തോമസ് സെബാസ്റ്റിയന്‍ വൈപ്പിശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
അണ പൊട്ടിയാല്‍ വെള്ളം അന്‍പതടി പൊങ്ങും; ; കൊച്ചി വരെ പ്രളയം
തൊടുപുഴ: മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അതിനിരയാവുക വള്ളക്കടവ് നിവാസികളാണ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ അതിര്‍ത്തിയിലെ ആദ്യ ജനവാസമേഖലയാണിത്. തൊട്ടുതാഴെ വണ്ടിപ്പെരിയാര്‍, മ്ലാമല, കീരിക്കര, ഫാത്തിമുക്ക്, ചപ്പാത്ത്, ആലടി, പരപ്പ്, ഉപ്പുതറ ടൗണ്‍ എന്നീ പ്രദേശങ്ങളെ ഇല്ലാതാക്കി പെരിയാര്‍ പിന്നീട് തോണിത്തടിയില്‍വച്ച് ഇടുക്കി ഡാമില്‍ പതിക്കും. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിലാണ് ഈ പ്രദേശങ്ങള്‍. സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തലാണിത്.
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ഒഴുകുന്നത് കുറഞ്ഞത് 50 അടിയെങ്കിലും ഉയരത്തിലാവും. വള്ളക്കടവ് മുതല്‍ തോണിത്തടി വരെ പെരിയാറിന്റെ ഇരുകരയിലും 15 അടി മാത്രം ഉയരത്തില്‍ ഒട്ടേറെ വീടുകളുണ്ട്.
പെരിയാറ്റില്‍ക്കൂടി മാത്രമാവില്ല വെള്ളം വരിക. മഞ്ചുമല വില്ലേജില്‍പ്പെട്ട വള്ളക്കടവ് കഴിഞ്ഞാല്‍ ജലപ്രളയം മൂന്നായി തിരിയാമെന്നും ഒരുഭാഗം ഗവി, പത്തനംതിട്ട വഴിയും മറ്റൊരു പ്രവാഹം ഗ്രാസി, പീരുമേട് വഴിയും പോകുമെന്നും ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, നേരെ കോട്ടയം (കോരുത്തോട് മേഖല) പത്തനംതിട്ട ജില്ലകളിലേക്കും പ്രളയജലം കുതിച്ചെത്തും. ബാക്കി നല്ലൊരു പങ്ക് വെള്ളമാവും ഇടുക്കി ഡാമിലേക്ക് പെരിയാറ്റിലൂടെ കുതിക്കുക - തീരങ്ങളെ കാര്‍ന്നെടുത്തുകൊണ്ട്.
പെരിയാറിന്റെ കരകളില്‍ത്തന്നെ ചെറിയ അരുവികളിലൂടെയും തോടുകളിലൂടെയും വെള്ളം കുതിച്ചെത്തും. ആറിന് സമീപം അധികം ഉയരമില്ലാത്ത ജനവാസകേന്ദ്രങ്ങളെല്ലാം മുങ്ങും.
ചപ്പാത്ത് വള്ളക്കടവിന് സമീപം മൂന്നാര്‍ മുക്കില്‍ പെരിയാറ്റില്‍ ചേരുന്ന ചിന്നാര്‍, ചീന്തലാര്‍, കൈതപ്പതാല്‍ പുഴകളിലേക്കും വള്ളക്കടവ് മുതല്‍ തോണിത്തടി വരെയുള്ള 27 തോടുകളിലേക്കും വെള്ളം ഇരച്ചുകയറും.
ഇടുക്കി ഡാം പരമാവധി സംഭരണശേഷിയോടടുത്തു നില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി, കുളമാവ് ഡാമുകള്‍ തകര്‍ന്നേക്കാം. കുളമാവ് ഡാം തകര്‍ന്നാല്‍ ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, കോടിക്കുളം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളും തൊടുപുഴ നഗരസഭാ പ്രദേശവും കടന്നാവും ജലപ്രവാഹം എറണാകുളം ജില്ലയില്‍ പ്രവേശിക്കുക.
ചെറുതോണി ഡാമിന് കുഴപ്പം സംഭവിച്ചാല്‍ പെരിയാറ്റില്‍ക്കൂടിയുള്ള കുതിച്ചൊഴുക്ക് താഴെ ഇടുക്കി ജില്ലയില്‍ മാത്രം ആറ് പഞ്ചായത്തുകളിലെ പല ജനവാസകേന്ദ്രങ്ങളും നാമാവശേഷമാക്കും.
വാഴത്തോപ്പ് പഞ്ചായത്തില്‍ ചെറുതോണി, തടയമ്പാട്, കരിമ്പന്‍ എന്നീ പ്രധാനകേന്ദ്രങ്ങളെ ബാധിക്കും. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, പനംകൂട്ടി, കീരിത്തോട്, പകുതിപ്പാലം, പെരിയാര്‍വാലി എന്നിവിടങ്ങള്‍ മുങ്ങാനിടയുണ്ട്. വാത്തിക്കുടി പഞ്ചായത്തിലെ കരിമ്പന്‍ താഴ്ഭാഗവും മരിയാപുരം പഞ്ചായത്തിലെ മരിയാപുരം, ഉപ്പുതോട് വിമലഗിരി തുടങ്ങിയ പ്രദേശങ്ങളും ദുരന്തത്തില്‍ അമരും.
ഇടുക്കി ഡാമിനെ തകര്‍ത്തെത്തുന്ന വെള്ളം 50 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളെ വിഴുങ്ങാം. ഇതിനിടെ, ഈ വഴിയിലുള്ള ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളും തകരുകയാണെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടും.
വെള്ളത്തൂവല്‍ പഞ്ചായത്തിലെ പനംകൂട്ടി മുകള്‍ഭാഗം, മന്നാങ്കണ്ടം പഞ്ചായത്തിലെ കാഞ്ഞിരവേലി എന്നിവിടങ്ങള്‍ കടന്ന് എത്തുന്ന വെള്ളം പെരിയാറിന്റെ മറുകരയിലുള്ള കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിലും കരിമണലിലും നാശം വിതച്ചാവും നേര്യമംഗലം പാലവും തകര്‍ത്ത് എറണാകുളം ജില്ലയില്‍ പ്രവേശിക്കുക. ഇതിനകം ഏഴുലക്ഷത്തില്‍പ്പരം ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെടും.
എറണാകുളം ജില്ലയില്‍ പ്രവേശിച്ചാല്‍പ്പിന്നെ ദുരന്തത്തിന്റെ ഭീതി സങ്കല്പത്തിനും അപ്പുറമാകും. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍കൂടി തകര്‍ത്ത് എത്തുന്ന മഹാപ്രളയം കൊച്ചി നഗരത്തെ ഭൂപടത്തില്‍നിന്നുതന്നെ മായ്ച്ചുകളഞ്ഞേക്കാം. ഇതിനകം ആലപ്പുഴ ജില്ലയിലും വെള്ളപ്പാച്ചില്‍ വിപത്ത് വിതയ്ക്കും. പ്രളയജലം അറബിക്കടലില്‍ പതിക്കുംമുമ്പ് 30 ലക്ഷത്തിലധികം പേരുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.6 അടി
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136.6 അടിയിലെത്തി. കഴിഞ്ഞദിവസം ഇത് 136.3 അടിയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ബുധനാഴ്ച ലഭിച്ച കനത്തമഴയാണ് ജലനിരപ്പ് കൂടാന്‍ കാരണം. ഇതോടെ സ്പില്‍വേയിലൂടെയുള്ള നീരൊഴുക്കും കൂടി. ഓരോ സെക്കന്‍ഡിലും 349 ഘനയടി വെള്ളമാണ് സ്പില്‍വേയിലൂടെ ഒഴുകുന്നത്.
വ്യാഴാഴ്ച സ്പില്‍വേയുടെ ഭാഗത്തെ മണ്ണും ചെളിയും ജെ.സി.ബി. ഉപയോഗിച്ച് മാറ്റുന്നത് തുടരുന്നുണ്ട്.
Subscribe to:
Posts (Atom)





